ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം: ശക്തമായ കാറ്റിന് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്‌തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു.

വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മെയ് 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.