ബസിൽ സ്ത്രീകൾക്ക് മുൻഗണനയുള്ല സീറ്റിലിരിക്കുന്ന പുരുഷന്മാരെ എഴുന്നേൽപ്പിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ വ്യാജം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രചരിച്ച ഒരു തെറ്റായ വിവരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബസുകളിൽ സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷന്മാർക്ക് യാത്രചെയ്യാം. പിന്നീട് സ്ത്രീകൾ കയറിയാൽ സീറ്റിൽ നിന്ന് പുരുഷൻമാർ എഴുന്നേറ്റ് നൽകണമെന്നാണ് നിയമം. കെഎസ്ആർടിസി ഉൾപെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിൽ സർവീസ് തുടങ്ങുന്ന സ്ഥലത്ത് വനിതകൾ ഇല്ലെങ്കിൽ മാത്രം പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയിൽ സ്ത്രീകൾ ആവശ്യപ്പെടുകയാണെങ്കിൽ മുൻഗണനാ ക്രമത്തിലുള്ല സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുവാൻ പുരുഷന്മാരോട് കണ്ടക്ടർ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകൾക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെഎസ്ആർടിസി ഉത്തരവ് നൽകിയിരിക്കുന്നത്.
ബസുകളിലെ സംവരണ സീറ്റിൽ നിയമംലഘിച്ച് യാത്രചെയ്താൽ പിഴയുൾപ്പെടെയുള്ല ശിക്ഷയുണ്ടാകുമെന്ന് മോട്ടോർ വാഹനവകുപ്പും അറിയിച്ചു. നിയമം ലഘിച്ചാൽ മോട്ടോർവാഹനവകുപ്പ് 100 രൂപ പിഴ ഈടാക്കും. എന്നിട്ടും സീറ്റിൽ നിന്ന് മാറാൻ തയാറാകാതെ കണ്ടക്ടറോട് തർക്കിക്കുന്ന യാത്രക്കാരനെതിരെ നിയമനടപടിയുണ്ടാകും.
2019ൽ ഇത്തരത്തിലൊരു വ്യാജ പോസ്റ്റ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. സ്ത്രീകൾക്ക് മുൻഗണനയുള്ല സീറ്റിലിരിക്കുന്ന പുരുഷന്മാരെ എഴുന്നേൽപ്പിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്ന തരത്തിൽ പല ഓൺലൈൻ മാധ്യമങ്ങൾ വഴിയും വാർത്തകൾ വന്നു. തുടർന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും രംഗത്തെത്തിയാണ് ജനങ്ങളെ സത്യാവസ്ഥ അറിയിച്ചത്.