സ്കൂൾ ഒളിമ്പിക്സ് ആഘോഷമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

സ്കൂൾ കലോത്സവത്തിൻ്റെ മാതൃകയിൽ കായികമേളയിൽ ചാമ്പ്യൻമാരാകുന്ന ജില്ലയ്ക്ക് എവർറോളിങ് സ്വർണക്കപ്പ് നല്‍കികൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്ന വിദ്യാഭ്യാസവകുപ്പ്, അതേ നിലവാരത്തിൽ കായികമേളയ്ക്കും ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ പേരിൽ മൂന്നുകിലോഗ്രാം സ്വർണക്കപ്പ് നൽകാനാണ് വിദ്യാഭ്യാസവകുപ്പിൻന്റെ ആലോചന. സമയപരിമിതി കാരണം ഇത്തവണ യാഥാർഥ്യമായില്ലെങ്കിൽ അടുത്തവർഷം സ്വർണക്കപ്പ് നൽകുമെന്നാണ് സൂചനകൾ.

അടിമുടി പരിഷ്കരിച്ച് സ്‌കൂൾ ഒളിമ്പിക്‌സ് എന്നപേരിൽ സംസ്ഥാന കായികമേള നവംബർ നാലുമുതൽ 11 വരെ കൊച്ചിയിൽ നടക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് സ്‌കൂൾ ഒളിമ്പിക്‌സ് എന്ന ആശയം നടപ്പാക്കുന്നത്. കലൂർ സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ ഒളിമ്പിക്‌സ് മാതൃകയിൽ വിപുലമായ കലാപരിപാടികൾ സംഘടിപ്പിച്ച് ആഘോഷമാക്കും. കൊച്ചിയിലെ 19 വേദികളിലായാണ് സ്‌കൂൾ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത്. ഇത്രയും നാൾ അത്ലറ്റിക്സ് മാത്രമാണ് സ്‌കൂൾ കായികമേള എന്നറിയപ്പെട്ടിരുന്നത്. ഇനി ഗെയിംസ് ഉൾപ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യൻഷിപ്പ് ഒരുമിച്ച് നടത്തും. ഭിന്നശേഷിക്കാർക്കുള്ള ഗെയിംസും (ഇൻക്ലൂസീവ് സ്പോർട്‌സ്) ഗൾഫ് രാജ്യങ്ങളിലെ കേരള സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഗെയിംസും ചരിത്രത്തിലാദ്യമായി ഇതോടൊപ്പം നടത്തും.

വിളംബരഘോഷയാത്ര, മാർച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായികപ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം, തീംസോങ്ങ്, ബ്രാൻഡ് അംബാസഡർ, ഗുഡ് വിൽ അംബാസഡർ, സ്പോർട്‌സ് കൾച്ചറൽ ഫെസ്റ്റ് എന്നിവയുൾപ്പെടെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ഒളിമ്പിക്സ് വിഭാവനം ചെയ്തിട്ടുള്ളത്.