ദേശീയപാതാ വികസനത്തിന് കണ്ടെത്തുന്ന സ്ഥലത്തിന് അനുമതിലഭിച്ച് അലൈൻമെന്റ് അന്തിമമായാൽപിന്നെ ആ സ്ഥലത്തിന്റെ വിൽപ്പന-വാങ്ങൽ, ഭൂവിനിയോഗത്തിൽ മാറ്റംവരുത്തൽ തുടങ്ങിയവ അനുവദിക്കരുതെന്ന് ദേശീയപാതാ അതോറിറ്റി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പുതുക്കിയ കരട് മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭൂമിയേറ്റെടുക്കലിനുള്ള നടപടികൾ ത്വരപ്പെടുത്തുക, ഭൂമിവില കൃത്രിമമായി വർധിപ്പിക്കുന്നത് തടയുക, ഉയർന്ന നഷ്ടപരിഹാരം ലഭിക്കാനുള്ള ദുരുദ്ദേശ്യത്തോടെ ഭൂമിയിൽ മാറ്റംവരുത്തുന്നത് തടയുക എന്നിവയാണ് അതോറിറ്റി ലക്ഷ്യംവെക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും ജില്ലാ അധികൃതർക്കും നിർദേശങ്ങൾ നൽകും.
അലൈൻമെന്റിലോ നിർദിഷ്ട പാതയിലോ വരുന്ന വില്ലേജുകളിലെ റവന്യു മാപ്പുകളും രേഖകളും ഇതിനനുസരിച്ച് പുതുക്കാനും ആവശ്യപ്പെടും. അലൈൻമെന്റ്, ഭൂമിയേറ്റെടുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ഘട്ടത്തിൽ എതിർപ്പുകൾ ഒഴിവാക്കാൻ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) സമർപ്പിക്കണമെന്നും നിർദേശിക്കുന്നു.