ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്

2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്.

അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ്  അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുചീകരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി. നിലയ്ക്കലിൽ 1100 ഉം പമ്പയിൽ 500 ഉം കണ്ടെയ്നർ ടോയ്ലറ്റുകളും ഇതിന്‍റെ  ഭാ​ഗമായി സ്ഥാപിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ 1200 ഓളം ടോയ്ലറ്റുകളും സജ്ജമാക്കിയിരുന്നു. ഇത്തവണത്തേക്കാൾ മികച്ച സൗകര്യങ്ങളാകും അടുത്ത വർഷം ഒരുക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കൂട്ടിച്ചേർത്തു.