2018 മുതൽ 2022 വരെ കേരളത്തിലെ റോഡപകടങ്ങളിൽ 9.28 ശതമാനം വർധനയെന്ന് റിപ്പോർട്ട്. 2022ൽ മണിക്കൂറിൽ ശരാശരി അഞ്ച് റോഡപകടങ്ങളുണ്ടായി, 12 പേർ മരിച്ചു. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തിറക്കിയ “റോഡ് ആക്‌സിഡന്റ്‌സ് ഇൻ കേരള 2018-2022′ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2018–2022ൽ കേരളത്തിൽ 1,86,375 റോഡ് അപകടങ്ങളിലായി 19,468 പേർ മരിച്ചു. 2,11,534 പേർക്ക് പരിക്കേറ്റു. 2018ൽ 40,181 റോഡപകടങ്ങളുണ്ടായെങ്കിൽ 2022ൽ 43,910 എണ്ണമായി വർധിച്ചു.
വാഹനങ്ങളുടെ എണ്ണത്തിലെ വർധന, ഗതാഗത നിയമങ്ങളുടെ ലംഘനം, അശ്രദ്ധയോടെയുള്ള വാഹനമോടിക്കൽ തുടങ്ങിയവയാണ് അപകട കാരണങ്ങൾ.
2020ൽ റോഡപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായി. കോവിഡ് വ്യാപനവും അടച്ചുപൂട്ടലുമുണ്ടായ വർഷമായിരുന്നു ഇത്. എന്നാൽ, 2022ൽ എത്തുമ്പോൾ അപകട നിരക്ക് (100 റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം) കുറഞ്ഞു. സർക്കാർ നടപടികൾ ഫലപ്രദമാകുന്നതിന്റെ തെളിവാണിതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത് (41 ശതമാനം). ദേശീയപാതയിൽ 23 ശതമാനം, സംസ്ഥാനപാതകളിൽ 20 ശതമാനം എന്നിങ്ങനെയാണ് അപകടനിരക്ക്. 57 ശതമാനം അപകടങ്ങളും മറ്റു റോഡുകളിലാണ്. 18 മുതൽ 45 വയസ്സുവരെയുള്ളവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.