വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷനുകളും അഞ്ചുതരം സാമൂഹികസുരക്ഷാ പെൻഷനുകളും കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ ‘ജീവൻരേഖ’ സമർപ്പണത്തിന്റെ ഭാഗമായ മസ്റ്ററിങ് പുനരാരംഭിച്ചു. അക്ഷയ കേന്ദ്രം മുഖേന നടന്നിരുന്ന മസ്റ്ററിങ് ഏപ്രിലിൽ ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് നിർത്തിവെച്ചത്. മസ്റ്ററിങ്ങിന് അക്ഷയകേന്ദ്രങ്ങളെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരേ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടിയുണ്ടായത്.
സ്റ്റേ ഇനിയും നീട്ടണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി വിവിധ ഘട്ടങ്ങളിലായി സ്റ്റേ ദീർഘിപ്പിച്ചതിനാൽ ഒരു മാസത്തിലേറെയായി മസ്റ്ററിങ് മുടങ്ങിയിട്ട്. ഇതറിയാതെ മസ്റ്ററിങ്ങിനായി ദിവസേന അക്ഷയകേന്ദ്രത്തിലെത്തിയിരുന്ന പെൻഷൻ ഗുണഭോക്താക്കളെ തിരിച്ചയക്കുകയായിരുന്നു.
സ്വകാര്യവ്യക്തികൾക്കും അക്ഷയേതര ഓൺലൈൻ സേവനകേന്ദ്രങ്ങൾക്കും കൂടി മസ്റ്ററിങ് വെബ് പോർട്ടൽ ഉപയോഗിക്കുന്നതിന് സംവിധാനമൊരുക്കണമെന്നും ഹർജിയിൽ തീരുമാനമാകുന്നതുവരെ സ്റ്റേ തുടരണമെന്നുമായിരുന്നു പരാതിക്കാരുടെ പ്രധാന ആവശ്യം.
ഏറെ സുരക്ഷയും കൃത്യതയും ഉറപ്പാക്കേണ്ടതിനാൽ പൂർണ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അതുകൊണ്ടാണ് സർക്കാർ നിയന്ത്രണത്തിലുള്ള അക്ഷയകേന്ദ്രങ്ങളിലൂടെ മാത്രം നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാർ നിലപാട്.