പേഴ്സണൽ ലോണുകൾ കർശനമാക്കാനുള്ള തീരുമാനവുമായി ആര്‍ ബി ഐ

പേഴ്സണൽ ലോണുകൾ കർശനമാക്കാനുള്ള റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ തീരുമാനത്തിന്റെ ഭാഗമായി നിയമങ്ങളിൽ കർശനമായ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഇനി മുതൽ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിന് മുമ്പ് ബാങ്കുകളും ഫിനാൻസ് സ്ഥാപനങ്ങളും ഈ വിവരം കൃത്യമായി ഉപയോക്താവിനെ അറിയിക്കണം. ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ പരിഹരിക്കാൻ വൈകിയാൽ ഉപയോക്താവിന് നഷ്ടപരിഹാരവും ലഭിക്കും.

ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയാണെങ്കിൽ ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴിയാണ് ഉപയോക്താവിനെ വിവരം അറിയിക്കേണ്ടത്. ക്രെഡിറ്റ് സ്കോർ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ വൈകുന്ന ഓരോ ദിവസവും നൂറ് രൂപ വീതം നഷ്ടപരിഹാരം പരാതിക്കാരന് നൽകണമെന്നാണ് ആർബിഐ ഉത്തരവിൽ പറയുന്നത്. ഉപയോക്താക്കളെ സംബന്ധിച്ച് ഗുണകരമായ മറ്റൊരു മാറ്റം പ്രാബല്യത്തിൽ വരുന്നത് ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്യുന്ന കാലാവധിയിൽ മാറ്റം വരുത്തിയതാണ്.

മുമ്പ് മാസത്തിൽ ഒരിക്കലാണ് ക്രെഡിറ്റ് സ്കോർ അപ്ഡേറ്റുകൾ വന്നിരുന്നതെങ്കിൽ ഇത് ഇനി ഓരോ 15 ദിവസങ്ങൾ കൂടുമ്പോഴായിരിക്കും. 300 മുതൽ 900 വരെയുള്ള ക്രെഡിറ്റ് സ്കോറിൽ 700ന് മുകളിലാണ് നിങ്ങളുടെ സ്കോറെങ്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകൾ മടിക്കാറില്ല. എന്നാൽ ഇഎംഐ അടയ്ക്കുന്നവരെ സംബന്ധിച്ച് അവ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് തരം ലോൺ ആണെങ്കിലും നിശ്ചിത ദിവസം റീപേമെന്റ് നടത്തിയില്ലെങ്കിൽ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയും.

അപ്ഡേഷൻ 15 ദിവസത്തെ കാലാവധിയിലേക്ക് മാറുമ്പോൾ ഇഎംഐ മുടക്കം സിബിൽ സ്കോറിനെ കാര്യമായി ബാധിക്കും. ഒരു വ്യക്തിയുടെ സാമ്പത്തിക റിപ്പോർട്ട് എന്ന് വിശേഷിപ്പിക്കുന്ന ക്രെഡിറ്റ് സ്കോർ കുറയുകയാണെങ്കിൽ അവർക്ക് ലോൺ അനുവദിക്കാൻ ഒരു ബാങ്കുകളും തയ്യാറാകാത്ത സ്ഥിതിയുണ്ടാകും. അതുകൊണ്ട് തന്നെ ഇഎംഐ അടയ്ക്കേണ്ട ദിവസം കൃത്യമായി ബാങ്ക് അക്കൗണ്ടിൽ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തണം.