വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ തുലാവർഷം. തുലാമാസത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത് നീളും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും. ഒക്ടോബറിലാണ് കൂടുതൽ മഴ ലഭിക്കുക. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും മഴ. ഉച്ചവരെ കനത്ത ചൂടായിരിക്കും. ശേഷം ഇരുണ്ട് മൂടി ഇടിമിന്നലുമായി മഴയെത്തുന്നു. തുടർച്ചയായി മഴ പെയ്യുന്നതിനിടയിൽ നല്ല വെയിലുള്ള ഇടവേളകളും ഉണ്ടാകും.
ജൂൺ 1ന് ആരംഭിച്ച കാലവർഷ കലണ്ടർ സെപ്റ്റംബർ 30നാണ് അവസാനിക്കുന്നത്. എന്നാൽ ഈ സമയം കൊണ്ട് കാലവർഷം പിന്മാറണമെന്നില്ല. അങ്ങനെ വരുമ്പോൾ ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ കാലവർഷ പട്ടികയിൽ ഉൾപ്പെടുത്തില്ല. അതെല്ലാം തുലാവർഷ കണക്കിൽ ഉൾപ്പെടുത്തും. നിലവിൽ കാലവർഷം രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങി തുടങ്ങിയിട്ടുണ്ട്.
തുലാവർഷത്തിന്റെ തുടക്കം
ഒരു നൂറ്റാണ്ടിലധികം കാലം നമ്മുടെ നാട്ടിലെ മഴയുടെ വിവരങ്ങൾ വിശകലനം ചെയ്ത് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചില നിഗമനങ്ങളിലെത്തിയിട്ടുണ്ട്. അതനുസരിച്ച് തുലാവർഷത്തിന്റെ തുടക്കം മിക്കവാറും ഒക്ടോബർ 19– നായിരിക്കും. ഇതിൽ എട്ടു ദിവസത്തെ വ്യത്യാസം വന്നേക്കാം. 1915– ലെ തുലാവർഷമാണ് അറിഞ്ഞതിൽ വച്ച് ഏറ്റവും താമസിച്ച് തുടങ്ങിയത്. ആ വർഷം മഴ തുടങ്ങിയത് നവംബർ 11നായിരുന്നു. ചില വർഷങ്ങളിൽ തുലാവർഷം നേരത്തെ എത്തിയിട്ടുമുണ്ട്.
കിഴക്കുനിന്നു വരുന്ന മേഘങ്ങൾ
പശ്ചിമഘട്ടം കടന്നു വരുന്ന മഴമേഘങ്ങളാണ് കേരളത്തിൽ തുലാവർഷം പെയ്യിക്കുന്നത്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ഇക്കാലത്ത് കൂടുതൽ മഴ ലഭിക്കുക. തുലാവർഷത്തിന്റെ ശക്തി കുറയുന്നതോടെ തണുപ്പുകാലം തുടങ്ങും.
