ചെറിയ സമയത്ത് വലിയ അളവിൽ പെയ്യുന്ന മഴയെ സൂക്ഷിക്കണം, കാലവർഷം ഞായറാഴ്ചയ്‌ക്ക് മുമ്പെത്തും

ഞായറാഴ്ചയ്ക്ക് മുൻപ് കാലവർഷമെത്തുമെങ്കിലും അതിന് മുന്നോടിയായുള്ള മഴ ഇന്ന് മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മഴ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഒരാഴ്ച വരെ നീണ്ടു നിൽക്കും. വടക്കൻ കേരളത്തിൽ അതിശക്ത മഴയായിരിക്കും. തെക്കൻ കേരളത്തിലെ മലയോര മേഖലകളിലും മഴ ശക്തമാകും. കാലവർഷമെത്തിയാൽ മഴയുടെ ശക്തി വീണ്ടും കൂടും. അതിശക്ത മഴയാണ് തുടക്കത്തിൽ പ്രതീക്ഷിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴയൊടൊപ്പം ഇടിമിന്നിലുമുണ്ടാകും.

ചെറിയ സമയത്ത് വലിയ മഴ

ചെറിയ സമയത്ത് വലിയ അളവിൽ പെയ്യുന്ന മഴയിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യത കൂടുതലാണ്. നിലവിൽ യെല്ലോ അലർട്ടിന് സമാനമായി ശക്തമായ മഴയാണ് പെയ്യുന്നത്. സാധാരണ അതി തീവ്രമഴയ്ക്കാണ് മിന്നൽ പ്രളയമുണ്ടാകുന്നതെങ്കിലും ആ സാഹചര്യം മാറി ശക്തമായ മഴയിലും ഇതിനുള്ള സാദ്ധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്

മലവെള്ള പാച്ചിൽ മിന്നൽ പ്രളയം

ശക്തമായ മഴയുടെ സാഹചര്യത്തിൽ പലയിടത്തും മിന്നൽ പ്രളയത്തിനും സാദ്ധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ഉരുൾപ്പൊട്ടി പെട്ടന്ന് നദികളിൽ വെള്ളം പൊങ്ങാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സമാനസാഹചര്യം സംസ്ഥാനത്തുണ്ടായി. മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാല കാരണം കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.കേരള തീരത്ത് മത്സ്യബന്ധനവും പാടില്ല.