അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയർ, 1564 സൂപ്പർവൈസർമാർ ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ സേവനമനുഷ്ഠിക്കുക. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകുന്നതാണ്. എല്ലാ രക്ഷാകർത്താക്കളും അഞ്ചു വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കുട്ടികൾക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന ഒരു രോഗമാണ് പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കൾ കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. തുടർന്ന് രോഗാണുക്കൾ കുടലിൽ പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാകുകയും കൈകാലുകളിൽ അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യുന്നു. പോളിയോ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാൽ ഫലപ്രദമായ വാക്‌സിൻ നിലവിലുണ്ട്.
കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിക്കുന്നത്.