പിഎസ്‌സി അഡ്വൈസ് മെമ്മോ ഇനി പ്രൊഫൈലിൽ മാത്രം

വിവിധ തസ്തികകളിലെ നിയമന ശുപാർശ (അഡ്വൈസ് മെമ്മോ) ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പിഎസ്‌സി തീരുമാനിച്ചു. നിയമന ശുപാർശ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും കൂടുതൽ സുരക്ഷിതമാക്കുന്നതിനുമാണ് നടപടി. ജൂലൈ 1 മുതൽ നൽകുന്ന എല്ലാ നിയമന ശുപാർശയും പ്രൊഫൈലിൽ ലഭ്യമാക്കും. സുരക്ഷിതത്വം ഉറപ്പാക്കാൻ ക്യുആർ കോഡും ഉൾപ്പെടുത്തും.

പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള നിയമന ശുപാർശയുടെ പ്രിന്റെടുത്ത് ജോലിയിൽ പ്രവേശിക്കുമ്പോൾ ഹാജരാക്കിയാൽ മതി. നിയമന ശുപാർശ ഡിജിറ്റൽ സംവിധാനത്തിലേക്കു മാറുന്നതോടെ തപാൽ മാർഗം അയയ്ക്കുന്ന രീതി നിർത്തലാക്കും.

പരാതി മുതൽ ഫോട്ടോകോപ്പി വരെ; എല്ലാ അപേക്ഷയും പ്രൊഫൈൽ വഴി

ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി ലഭിക്കുന്നതിനും പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ, അഭിമുഖം, പ്രമാണ പരിശോധന, നിയമന പരിശോധന എന്നിവയുടെ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ, പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കുന്നതിനുള്ള അപേക്ഷ, ഭിന്നശേഷിക്കാർക്ക് സ്ക്രൈബിനെ ലഭിക്കുന്നതിനുള്ള അപേക്ഷ എന്നിവയെല്ലാം ഇപ്പോൾ പ്രൊഫൈൽ വഴിയാണ് നൽകേണ്ടത്. ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കേണ്ടതും പ്രൊഫൈൽ വഴിയാണ്.

പിഎസ്‌സി പരീക്ഷകളിൽ പങ്കെടുക്കുന്ന ടൈപ്പ് വൺ ഡയബറ്റിക് ആരോഗ്യ പ്രശ്നങ്ങളുള്ള ഉദ്യോഗാർഥികൾക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്/സിജിഎംഎസ് (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം), ഷുഗർ ടാബ്‌ലറ്റ്, വെള്ളം എന്നിവ പരീക്ഷാ ഹാളിൽ കൈവശം കരുതുന്നതിന് അനുവാദമുണ്ട്. ഇതിലേക്കും പ്രൊഫൈൽ വഴിയാണ് അപേക്ഷ നൽകേണ്ടത്.