ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പ്രോബ-3 ദൗത്യ പേടകം ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപത്തറയിൽ നിന്നാണ് പിഎസ്എൽവി-സി59 റോക്കറ്റിൽ പ്രോബ 3 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ചാണ് ഐഎസ്ആർഒയുടെ കൊമേഷ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡ് ദൗത്യം നടപ്പാക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചുമറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രോബ 3 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി
ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കും. ഒക്യുൽറ്റർ, കൊറോണഗ്രാഫ് എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ ഒരുമിച്ച് വിക്ഷേപിക്കുന്നത്. 550 കിലോയാണ് ഇവയുടെ ഭാരം. ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ വരെ കൊറോണയെ നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ല് എന്നാണ് ഐഎസ്ആർഒ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. നാല് ഘട്ടങ്ങളായിട്ടാകും പിഎസ്എൽവിസി-59ന്റെ വിക്ഷേപണം. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് പേടകങ്ങളേയും വേർപെടുത്തുകയെന്ന സങ്കീർണതയും ഈ ദൗത്യത്തിനുണ്ട്.