ആലപ്പുഴയിൽ അപൂർവരോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു

ആലപ്പുഴ ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. പാണാവള്ളിയിൽ നിന്നുള്ള അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആറുവർഷങ്ങൾക്കു ശേഷമാണ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ അണുബാധയ്ക്ക് കാരണം. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകൾക്ക് അണുബാധ ഉണ്ടാവാറുള്ളത്.

എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്?

പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. (മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ്).

മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലപ്പോൾ മണത്തിലോ രുചിയിലോ ഉള്ള മാറ്റമാണ് ആദ്യ ലക്ഷണം. പിന്നീട്, ആളുകൾക്ക് തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെടാം.

ഈ രോഗം ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ ചികിത്സിക്കാനാകും. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.

സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.

പ്രാരംഭ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു

തലവേദന
പനി
ഓക്കാനം
ഛർദ്ദി