സംസ്ഥാനത്ത് ഇതാദ്യമായി ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുമ്പോൾ ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. പകൽസമയത്ത് മാത്രമല്ല, രാത്രിയിൽ പോലും ചൂട് കുറയുന്നില്ലെന്നത് സാധാരണ ജീവിതത്തെ ബാധിക്കുന്നു. ആഗോളകാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഉഷ്‌ണ തരംഗത്തിനും കാരണമായത്. തുടർന്നുള്ള വർഷങ്ങളിലും ഈ രീതിയിലുള്ള ചൂട് തുടരുമെന്ന് മുന്നറിയിപ്പ് നൽകുന്ന യുഎൻ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ചൂടിൽനിന്നും രക്ഷനേടാൻ എന്തൊക്കെ ചെയ്യണമെന്നും നിർദ്ദേശിക്കുന്നു.
- എല്ലാ ദിവസവും കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കുന്നത് ശീലമാക്കുക. നമ്മുടെ ദൈനംദിന പരിപാടികൾ സാധിക്കുന്നതും അതനുസരിച്ച് പ്ലാൻ ചെയ്യുക.
- വീടിന് പുറത്ത് തൊഴിൽ സംബന്ധമായോ മറ്റു കാര്യങ്ങൾക്കായോ നിർബന്ധമായും പുറത്ത് ഇറങ്ങേണ്ടി വരുന്നവർ ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കയ്യിൽ കരുതുക. ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണം, സൂര്യതാപം, ഇവയുടെ ലക്ഷണം മനസ്സിലാക്കി അപകടസ്ഥിതിയിലേക്ക് പോകുന്നതിന് മുൻപ് തന്നെ കത്തുന്ന ചൂടിൽ നിന്നും മാറുക. ജോലി സമയം ചൂടു കുറവുള്ള സമയം നോക്കി ക്രമീകരിക്കുന്നതും തുടർച്ചയായി ചൂടിൽ നിൽക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. സർക്കാരിനും തൊഴിൽ ഉടമകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാനുണ്ട്.
- നമ്മുടെ വസ്ത്രങ്ങൾ കാലാവസ്ഥക്കനുസരിച്ച് ക്രമീകരിക്കുക. ഇറുകിയ വസ്ത്രങ്ങൾ, കട്ടിയുള്ള വസ്ത്രങ്ങൾ, പല ലെയറുകളുള്ള വസ്ത്രങ്ങൾ, കടും നിറങ്ങൾ, വായു സഞ്ചാരം കുറക്കുന്ന വസ്ത്രങ്ങൾ ഇവ ഒഴിവാക്കുക. ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം.
- വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കയ്യിൽ/ ബാഗിൽ ഒരു ബോട്ടിൽ വെള്ളം ഉറപ്പായും കരുതുക. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഒപ്പം കുടിക്കുന്ന വെള്ളം/ പാനീയങ്ങൾ ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടതും പ്രാധാനമാണ്. റോഡ് സൈഡിൽ കിട്ടുന്ന ജ്യൂസുകളും മറ്റും കുടിക്കുമ്പോൾ ഐസ് ഒഴിവാക്കുക. കാരണം അതിന്റെ ശുദ്ധത ഉറപ്പിക്കാൻ പറ്റില്ല.
- പുറത്തിറങ്ങുമ്പോൾ നേരിട്ട് ചൂടേൽക്കുന്നത് കുറക്കാൻ കുടയോ തൊപ്പിയോ എപ്പോഴും കൈയിൽ കരുതണം. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവർ സൺ ഹാറ്റ് വക്കുന്നത് ശീലമാക്കണം.
- സൺ ഹാറ്റ്, കൂളിംഗ് ഗ്ലാസ്, സൺ സ്ക്രീൻ ലോഷനുകൾ ഒന്നുംതന്നെ മലയാളികളുടെ ശീലമല്ല. ടൂറിസ്റ്റുകൾ ചെയ്യുന്നതോ, ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്ന പൊങ്ങച്ചക്കാർ ചെയ്യുന്നതോ ഒക്കെയായി ഇതിനെ ഇപ്പോഴും കാണുന്നവരുണ്ട്. എന്നാൽ അതാത് നാട്ടിലെ കാലാവസ്ഥക്കനുസരിച്ച് അവർ പരിശീലിച്ച ആരോഗ്യകരമായ ശീലങ്ങളാണ് ഇതൊക്കെ. പുറത്തിറങ്ങുമ്പോൾ സൺ സ്ക്രീൻ ലോഷനുകൾ പുരട്ടുന്നതും കൂളിംഗ് ഗ്ലാസ് വെക്കുന്നതും ശീലമാക്കുക.
- അധികം ചൂടുള്ള സമയത്ത് കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നത് നിയന്ത്രിക്കുക. സമയാസമയം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് മുതിർന്നവർ ഉറപ്പാക്കുക. ചൂടിനെ പ്രതിരോധിക്കുന്ന മുൻപറഞ്ഞ കാര്യങ്ങൾ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക, അവർക്ക് ഇനിയങ്ങോട്ട് ഇതൊക്കെ ശീലമായേ പറ്റൂ.
- വീട്ടിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തിറങ്ങി ചൂടുകൂടി സൂര്യാഘാതം കൊണ്ട് സംഭവിക്കുന്ന മരണങ്ങളെക്കാൾ കൂടുതൽ സംഭവിക്കുന്നത് വീടിനുള്ളിൽ പ്രായമായവർക്ക് ചൂടുള്ള സമയത്ത് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത് കൊണ്ടാണ്. വീട്ടിൽ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവർക്ക് നൽകുക,അവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നും ഉഷ്ണപാനീയങ്ങളോ മദ്യമോ കുടിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. മുറിയിൽ ചൂട് കുറക്കാനായി സാധ്യമായതെല്ലാം ചെയ്യുക. ചൂടിനോട് അനുബന്ധമായതല്ലാത്ത മറ്റു രോഗമോ ക്ഷീണമോ കണ്ടാലും ഉടൻ ഡോക്ടറുടെ ഉപദേശം തേടുക.
- നമ്മുടെ ഭക്ഷണ ശീലങ്ങളിൽ കാലാവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മലയാളികളുടെ സമകാലീന ശീലങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തവയാണ് ചായയും കാപ്പിയും. ഈ ചൂടുകാലം അവസാനിക്കുന്നത് വരെ ചായയും കാപ്പിയും ചൂടുള്ള മറ്റു പാനീയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
- ഇപ്പോൾ കേരളത്തിലെ മിക്ക വീടുകളും തന്നെ വിശാലമായ വാതിലുകളും ജനലുകളും ഉള്ളവയാണ്. ജനലുകൾ മിക്കതും ഗ്ലാസ്സ് ഇട്ടവയും. പുതിയ കെട്ടിടങ്ങൾക്ക് കൂളിഗ്ഗ് ഗ്ലാസ്സുകൾ ഉണ്ടെങ്കിലും പൊതുവിൽ മുഴുവൻ വെളിച്ചവും (ചൂടും) അകത്തേക്ക് കടത്തിവിടുന്ന രീതിയിലാണ് നമ്മുടെ ജനാലകൾ. നമ്മുടെ കർട്ടനുകളും വീടിനകത്താണ്. ഇത്തരത്തിലുള്ള സംവിധാനം പുറത്തുള്ള ചൂടിനെ അകത്തു കയറ്റിയതിന് ശേഷം വെളിച്ചത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ എ.സി.യും ഫാനും ഉണ്ടെങ്കിൽ പോലും അത് ചൂടിന്റെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനാലകൾക്ക് പുറത്തു തന്നെ ചൂടിനേയും വെയിലിനേയും പ്രതിരോധിക്കുന്ന തരത്തിൽ ഔട്ട് ഡോർ കർട്ടനോ ചുരുങ്ങിയത് ഒരു തുണിയോ കെട്ടിയിടുന്നത് ചൂട് കുറക്കാനും എ.സി.യെ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.