പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുമെന്നു വിദഗ്‌ധർ. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം.

  • ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്ക് നേരിട്ട് അടിക്കാതെ മുഴുക്കൈ ഷർട്ട് ഇട്ടു വേണം ഓടിക്കാൻ.
  • സ്ത്രീകളും മുഴുക്കൈ ഷർട്ട് ധരിക്കാത്തവരും കൈകൾ പൂർണമായും മറയ്ക്കുന്ന സോക്‌സുകൾ ഉപയോഗിക്കുക.
  • മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ് ഉപയോഗിക്കണം. ഇതിനൊപ്പം മാസ്ക് ധരിക്കുന്നതും നല്ലതാണ്. യുവി- ആന്റിഗ്ലെയർ സംരക്ഷണമുള്ള ഗ്ലാസുകൾ ധരിക്കുന്നത് അഭികാമ്യം.
  • ചൂടുകാലാവസ്‌ഥ കാരണം യാത്ര പുറപ്പെടുന്നതിനു മുൻപും യാത്ര പൂർത്തിയായ ശേഷവും തിളപ്പിച്ചാറിയ ശുദ്ധജലം കൂടുതലായി കുടിക്കണം.
  • പറ്റുമെങ്കിൽ പകൽ 11 മുതൽ 3 വരെ ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക.
  • ചൂടു കൂടിനിൽക്കുന്ന സമയങ്ങളിൽ പ്രായമായവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരുടെ ഇരുചക്രവാഹനയാത്ര ഒഴിവാക്കാം.
  • ചൂടുസമയത്തെ യാത്രയ്ക്കിടെ ഐസ് ഇട്ട തണുപ്പിച്ച ശുദ്ധജലവും മറ്റും കുടിക്കുന്നതു നല്ലതല്ല. ജലദോഷം, പനി, തൊണ്ടയിലെ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാം.
  • യാത്രയ്ക്കിടെ കുടിക്കുന്ന ജലം ശുദ്ധമല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകും.
  • പകൽയാത്രയ്ക്കിടെ ശുദ്ധജലം കൊണ്ടുപോകാൻ ചില്ലുകുപ്പികൾ, സ്‌റ്റീൽ കുപ്പികൾ എന്നിവ ഉപയോഗിക്കണം.
  • ദേഹത്തു ചുവന്നുതുടുത്ത പാടുകൾ, ത്വക്ക് തടിച്ചുപൊങ്ങൽ, അസഹനീയമായ ചൊറിച്ചിൽ എന്നിവയുണ്ടെങ്കിൽ വൈദ്യസഹായം തേടുക.