‘പിഎം വിദ്യാലക്ഷ്മി’, ഉന്നത വിദ്യാഭ്യാസം നേടാന്‍ കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ വായ്പ പദ്ധതി

ഇന്നത്തെ കാലത്ത് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പിന്‍ബലം കൂടി വേണം. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ വര്‍ഷവും 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

ഈട് രഹിത, ഗ്യാരണ്ടര്‍ രഹിത വിദ്യാഭ്യാസ വായ്പ എന്നിവയാണ് പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ സവിശേഷതകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ നല്‍കും, സര്‍ക്കാര്‍ 75% ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും. 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ സബ് വെൻഷൻ പദ്ധതി നല്‍കും. 4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും വായ്പകള്‍ ലഭിക്കും.   

മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികൾ ആയിരിക്കണം എന്നതാണ് പിഎം വിദ്യാലക്ഷ്മി പദ്ധതിക്കുള്ള യോഗ്യത. എല്ലാ വരുമാന ഗ്രൂപ്പുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.

കോഴ്സ് ഫീസും അനുബന്ധ ഫീസുകളും അനുസരിച്ചായിരിക്കും വായ്പ തുക. ഇത്തരത്തിലുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഒരു കട്ട്-ഓഫ് തുകയും നിശ്ചയിച്ചിട്ടില്ല. മാനേജ്മെന്‍റ് ക്വാട്ട ഉള്‍പ്പെടെ ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അര്‍ഹതയില്ല.

മറ്റ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും പിഎം-വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള വായ്പകളുടെ പലിശ. മൊറട്ടോറിയം കാലയളവ് ഒഴികെ, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലയളവ് 15 വര്‍ഷം വരെയാണ്.

പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം? 

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായ വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

ഒരു അക്കൗണ്ട് സൃഷ്ടിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ‘ന്യൂ യൂസര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ നല്‍കണം. രജിസ്ട്രേഷന് ശേഷം, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ‘ലോണ്‍ ആപ്ലിക്കേഷന്‍ വിഭാഗ’ത്തിലേക്ക് പോയി വായ്പയുടെ തരം തിരഞ്ഞെടുക്കുക. കോഴ്സിന്‍റെ പേര്, സ്ഥാപനം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. വായ്പ ലഭിക്കുന്നതിന് ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ തിരഞ്ഞെടുക്കുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക. അപേക്ഷ സമര്‍പ്പിച്ച ശേഷം, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക