നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) സന്ദർശിക്കും. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനും ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് പ്രധാനമന്ത്രി വിഎസ്എസ്സിയിലെത്തുന്നത്.
രാവിലെ 10.45 മുതൽ 11.45 വരെ നടക്കുന്ന ശാസ്ത്രജ്ഞരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗഗൻയാനിലെ സഞ്ചാരികൾ ആരൊക്കെയാകുമെന്ന പ്രഖ്യാപനവും നാളെ നടക്കും. തിരഞ്ഞെടുക്കുന്ന സഞ്ചാരികൾക്ക് റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിംഗ് സെന്ററിലും ബെംഗളൂരുവിലെ അസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റിയിലും പരിശീലനം നൽകും. ഇന്ത്യൻ വ്യോമസേനയിലെ ഒരു ഡസനോളം പൈലറ്റുമാരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി നടന്ന പരിശീലനങ്ങൾക്ക് ശേഷമാണ് നാല് പേരെ തിരഞ്ഞെടുത്തത്.
വിഎസ്എസ്സി, സതീഷ് ധവാൻ സ്പെയ്സ് സെന്റർ, തമിഴ്നാട്ടിലെ ഐപിആർസി മഹേന്ദ്രഗിരി എന്നിവിടങ്ങളിലെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നാളെ നിർവഹിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുന്നത്.