പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് ‌വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്മെന്റ് ബുധനാഴ്‌ച പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്‌കൂളും വിഷയവും ഉൾപ്പെടെ മാറ്റാം.

ബോണസ് പോയിന്റ്റ്, ടൈ ബ്രേക്ക് പോയിന്‍റ് എന്നിവയ്ക്ക് അർഹതയുള്ളവർ അപേക്ഷയിൽ അക്കാര്യം ഉൾപ്പെടുത്തണം. പ്രവേശനസമയത്ത് അതിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാൻ കഴിയാത്തവർ ട്രയൽ അലോട്മെന്റിനു പിന്നാലെ അപേക്ഷയിൽ ആവശ്യമായ തിരുത്തൽ വരുത്തണം. തെറ്റായവിവരം നൽകി നേടുന്ന അലോട്മെന്റ്റ് റദ്ദാക്കും.

ജൂൺ അഞ്ചിനാണ് ആദ്യ അലോട്‌മെന്‍റ്. 19-നാണ് മുഖ്യ അലോട്മെന്‍റ് ഘട്ടം പൂർത്തിയാകുക. അതിനിടെ മൂന്ന് അലോട്മെന്‍റുകളുണ്ടാകും. ക്ലാസ് ജൂൺ 24- നു തുടങ്ങും. മുഖ്യ അലോട്മെന്‍റിൽ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററിയിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും അപ്പോൾ അപേക്ഷിക്കാം. ജൂലായ് രണ്ടുമുതൽ 31 വരെയാണ് സപ്ലിമെന്‍ററി അലോട്മെന്റ്.

ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്‍റ് കിട്ടുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനിലാണ് കിട്ടിയതെങ്കിൽ യോഗ്യതസർട്ടിഫിക്കറ്റ് ഹാജരാക്കി താത്കാലിക പ്രവേശനം നേടാം. ഫീസ് അടയ്‌ക്കേണ്ടതില്ല. അടുത്ത അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ സർട്ടിഫിക്കറ്റുകൾ തിരികെവാങ്ങി പുതിയ സ്‌കൂളിൽ ചേരാം. മുഖ്യ അലോട്‌മെന്‍റുകൾ പൂർത്തിയാകുന്നതുവരെ ഈ രീതിയൽ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടാകും.