സര്‍ക്കാര്‍ ആശുപത്രികളിലും പി.ജി കോഴ്‌സ്; വിജ്ഞാപനമിറക്കി എൻ.എം.സി

മെഡിക്കൽ കോളേജുകൾക്കൊപ്പം തന്നെ, സൗകര്യങ്ങളുള്ള സാധാരണ സർക്കാർ ആശുപത്രിയിലും ബിരുദാനന്തര മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാമെന്ന വിജ്ഞാപനമിറക്കി ദേശീയ മെഡിക്കൽ കമ്മിഷൻ(എൻ.എം.സി). മതിയായ കിടക്കകൾ, രോഗികളുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിഗണിച്ചശേഷം യോഗ്യരായ അധ്യാപകർ കൃത്യമായ എണ്ണത്തിലുണ്ടെങ്കിൽ കോഴ്സ് അനുവദിക്കാമെന്ന് വിജ്ഞാപനം പറയുന്നു.

രാജ്യവ്യാപകമായി ഓർത്തോപീഡിഷ്യൻ, പീഡിയാട്രീഷ്യൻ, അനസ്തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് തുടങ്ങിയ മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് ഇളവ് അനുവദിക്കുന്നത്. സർക്കാർ ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ എണ്ണം കൂട്ടി മെഡിക്കൽ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നീക്കം.

മൂന്നുപ്രധാന മാറ്റങ്ങൾ പി.ജി.പ്രവേശനത്തിൽ വരുത്തുന്നുണ്ട്:

ബിരുദ കോഴ്‌സ് ആരംഭിച്ച് ഒരു വർഷത്തിനുശേഷം ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി മെഡിക്കൽ കോളേജുകൾക്ക് അപേക്ഷിക്കാം. മുമ്പ്, എം.ബി.ബി.എസ്. വിദ്യാർഥികളുടെ മൂന്നാം ബാച്ചിൽ പ്രവേശനം നേടിയ ശേഷം മാത്രമേ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കാൻ അനുവദിച്ചിരുന്നുള്ളൂ.

കോഴ്സുകൾക്ക് ‘അനുവദനീയം’, ‘അംഗീകൃതം’ എന്നീ സീറ്റുകൾ തമ്മിലുള്ള വ്യത്യാസം ഒഴിവാക്കി. ഒരു കോഴ്‌സ് ആരംഭിക്കാൻ എൻ.എം.സി. അനുമതി നൽകിക്കഴിഞ്ഞാൽ, എല്ലാ സീറ്റുകളും അംഗീകൃത സീറ്റായി പരിഗണിക്കും. മുമ്പ്, പുതിയ കോഴ്സുകൾ ആരംഭിക്കാൻ കോളേജുകൾക്ക് ‘അനുമതി’ നൽകിയിരുന്നു. ആദ്യ ബാച്ച് ബിരുദം നേടിയശേഷം മാത്രമേ സീറ്റുകൾ അംഗീകരിക്കപ്പെട്ടിരുന്നുള്ളൂ.

പുതിയ ഡിപ്ലോമ കോഴ്‌സുകൾ അനുവദിക്കുന്ന നടപടി മരവിപ്പിക്കും. എന്നിരുന്നാലും സ്ഥാപനങ്ങൾക്ക് രണ്ട് വർഷത്തെ ഫെലോഷിപ്പ് കോഴ്സുകൾ നടത്താം. നിലവിലുള്ള ഡിപ്ലോമ കോഴ്‌സുകൾ തുടരാം.