പാരീസിലെ ഈഫൽ ടവർ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ്റ് ഇന്റർഫേസ് ഉപയോഗിച്ച് ഈഫൽ ടവർ സന്ദർശനം ഇനി ഈസിയായി ബുക്ക് ചെയ്യാം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈഫൽ ടവർ സന്ദർശിക്കുന്ന രാജ്യാന്തര സന്ദർശകരുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രൂപ്പായി ഇന്ത്യൻ വിനോദ സഞ്ചാരികൾ റാങ്ക് ചെയ്യുന്നതിനാൽ ഈ പ്രഖ്യാപനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എൻപിസിഐ ഇൻ്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡ് ഫ്രഞ്ച് ഇ-കൊമേഴ്‌സ്, പ്രോക്‌സിമിറ്റി പേയ്മെന്റ്റ് കമ്പനിയായ ലൈറയുമായി സഹകരിച്ച് ഫ്രാൻസിലും ഇനി യുപിഐ സേവനം ലഭ്യമാകും. ഈ വികസനത്തിലൂടെ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അവരുടെ യുപിഐ പവർ ആപ്പുകൾ ഉപയോഗിച്ച് മർച്ചൻ്റ് വെബ്സൈറ്റുകളിലുള്ള QR കോഡ് സ്കാൻ ചെയ്യാനും പേയ്മെൻ്റ് ആരംഭിക്കാനും സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾ നടത്താനും സാധിക്കും.
ഫ്രാൻസിലെ യുപിഐയുടെ സ്വീകാര്യത ഇന്ത്യൻ വിനോദസഞ്ചാരികൾക്കു തടസ്സമില്ലാത്ത പേയ്മെൻ്റ് ഓപ്ഷൻ നൽകുക മാത്രമല്ല, ടൂറിസം, റീട്ടെയിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഫ്രാൻസിലെയും യൂറോപ്പിലെയും വ്യാപാരികൾക്കു നിരവധി അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു. ഫ്രാൻസിൽ UPI പേയ്മെന്റുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്‌ഥലമാണ് ഈഫൽ ടവർ, ഈ സേവനം ഉടൻ തന്നെ ടൂറിസം, റീട്ടെയിൽ മേഖലകളിലെ മറ്റ് വ്യാപാരികളിലേക്കും വ്യാപിപ്പിക്കും. ഇതോടെ ഫ്രാൻസ് സന്ദർശനം നടത്തുന്ന ഇന്ത്യാക്കാർക്കു ഹോട്ടൽ ബുക്കിങ്, മ്യൂസിയം സന്ദർശനങ്ങൾ എന്നിവ കാലതാമസമില്ലാതെ എളുപ്പത്തിൽ തന്നെ ചെയ്യാനാകും.
ഇന്ത്യൻ യുപിഐ അംഗീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി ഫ്രാൻസിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് പാരീസിൽ ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഫ്രാൻസിന്റെ ഏറ്റവും ആകർഷകമായ സ്‌മാരകങ്ങളിലൊന്നായ ഈഫൽ ടവർ സന്ദർശിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യക്കാരാണ് ഇന്ത്യ.