

റെയിൽവേ കൗണ്ടറുകളിൽ നിന്ന് എടുത്ത ഫിസിക്കൽ ടിക്കറ്റുകൾ യാത്രക്കാർക്ക് ഇപ്പോൾ ഐആർസിടിസി വെബ്സൈറ്റ് വഴിയോ 139 എന്ന നമ്പറിൽ വിളിച്ചോ ഓൺലൈനായി റദ്ദാക്കാൻ സാധിക്കും. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയതിന് ശേഷമുള്ള തുക ലഭിക്കുന്നതിന് റെയിൽവെ സ്റ്റേഷനിലുള്ള റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകളെ സമീപിക്കേണ്ടിവരും.
ബിജെപി എംപി മേധ വിശ്രം കുൽക്കർണി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇ-ടിക്കറ്റുകൾക്ക് പകരം കൗണ്ടറുകളിൽ നിന്ന് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ വാങ്ങുന്ന യാത്രക്കാർ ടിക്കറ്റ് റദ്ദാക്കാൻ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് സ്റ്റേഷൻ സന്ദർശിക്കേണ്ടതുണ്ടോ എന്നാണ് കുൽക്കർണി ചോദിച്ചത്.
നിശ്ചിത സമയപരിധിക്കുള്ളിൽ ടിക്കറ്റ് കൗണ്ടറുകളിൽ എത്തിക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കും. പണം ലഭിക്കാൻ റിസർവേഷൻ കൗണ്ടറിനെ സമീപിക്കണം. എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ ഓൺലൈൻ വഴി റദ്ദാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കിയതിന് ശേഷം കൗണ്ടറിൽ എത്തിയാൽ തുക ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.