‘പരിവാഹന്‍’ ആപ്പ് തട്ടിപ്പ്’ സംസ്ഥാനത്ത് ഇരയായത് 1832 പേർ

സ്വന്തമായി എന്തെങ്കിലും വാഹനം ഉള്ളവരെയെല്ലാം എപ്പോൾ വേണമെങ്കിലും തേടിയെത്താവുന്ന ഒരു കെണിയാണ് ‘പരിവാഹൻ ആപ്പ് തട്ടിപ്പ്’. ഒരു മാസത്തിനിടെ ഈ തട്ടിപ്പിനിരയായി സൈബർ പോലീസിൻ്റെ സഹായം തേടിയത് 1832 പേരാണ്. പരാതി നൽകാതെ, തട്ടിപ്പുവിവരം പോലീസിൽ അറിയിക്കുകമാത്രം ചെയ്‌തവർ വേറെയും. വിദ്യാസമ്പന്നരും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ഈ കെണിയിൽ കുടുങ്ങുന്നത് പോലീസിനും മോട്ടോർ വാഹനവകുപ്പിനും ഒരുപോലെ തലവേദന സൃഷ്ട‌ിക്കുന്നു.

തട്ടിപ്പ് ഇങ്ങനെ

വാട്‌സ്ആപ്പ്-എസ്.എം.എസ്. സന്ദേശമായി മൊബൈൽ ഫോണിൽ വരുന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്‍റെ തുടക്കം. നിങ്ങളുടെ വാഹനം നിയമലംഘനത്തിൽപ്പെട്ടിട്ടുണ്ടെന്നും അതിവേഗത്തിൽ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും സന്ദേശം. മോട്ടോർ വാഹനവകുപ്പിന്‍റെ പേരിൽ വരുന്ന സന്ദേശത്തിൽ നമ്മുടെ വാഹനത്തിന്‍റെ നമ്പർ, നിയമലംഘനം നടത്തിയ തീയതി, ഇതിനെതിരേ വകുപ്പ് പുറത്തിറക്കിയ പിഴ ചെലാൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കും. നിയമലംഘനത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും തെളിവുകൾ കാണുന്നതിനും താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

ഈ ടെക്സ്റ്റ് സന്ദേശത്തോടൊപ്പമുള്ള ആപ്ലിക്കേഷൻ ഫയലാണ് (.apk) ഉപയോക്താക്കളെ കെണിയിലേക്ക് വീഴ്ത്തുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ, ഐ. ഫോണിന്‍റെ ആപ്പ് സ്റ്റോർ എന്നിവയിൽനിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കുന്നതിനുപകരം ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകൾ വഴി ആപ്പിലേക്കു പോകുന്നതാണ് കെണിയിലകപ്പെടാൻ ഇടയാക്കുന്നതെന്ന് കോഴിക്കോട് സൈബർ സബ് ഡിവിഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഈ ലിങ്കുകൾ മൊബൈലിൽ ഡൗൺലോഡ് ആകുമ്പോൾ ഗുണഭോക്താവ് നൽകുന്ന രണ്ട് ‘ഒ.കെ’ (യെസ്) നമ്മുടെ മൊബൈൽ വിദൂരത്തുനിന്ന് ഉപയോഗിക്കാനുള്ള (റിമോട്ട് ആക്സസ് സോഫ്റ്റ്വേർ) അനുമതി തട്ടിപ്പുകാർക്ക് നൽകും. ഇതുവഴി ഒ.ടി.പി.കൾ ഉപയോഗിക്കാനും നമ്മുടെ അക്കൗണ്ടിൽ പ്രവേശിച്ച് പണം തട്ടാനും അജ്ഞാതസംഘത്തിന് സാധിക്കും.

തട്ടിപ്പിന് ഇരയായാൽ ഉടന്‍ പരാതി നല്‍കുക

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ ‘1930’ എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർചെയ്യണം. ഒരുമണിക്കൂറിനകം പരാതി നൽകുന്നതാണ് ഗുണകരമാകുക. cybercrime.gov.in എന്ന വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം.