പഴനിയിൽ 12 ദിവസത്തിൽ ഭണ്ഡാരം നിറ‍ഞ്ഞു; ലഭിച്ചത് 1.94 കോടി രൂപ

പഴനി ക്ഷേത്രത്തിൽ 12 ദിവസത്തിനുള്ളിൽ 1.94 കോടി രൂപ ഭണ്ഡാരത്തിലെത്തി. ഭണ്ഡാരം നിറഞ്ഞതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇതിനു പുറമേ 622 ഗ്രാം സ്വർണവും 12,382 ഗ്രാം വെള്ളിയും വിദേശ കറൻസി നോട്ടുകളും ലഭിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു.

സ്വർണവേൽ, താലി, മോതിരം, ചെയിൻ, സ്വർണനാണയം മുതലായവയും വെള്ളിക്കാവടി, മോതിരം, പിച്ചള വേൽ, റിസ്‌റ്റ് വാച്ച്, ഏലം, കശുവണ്ടി തുടങ്ങിയവയും ഭക്തർ സമർപ്പിച്ചു. ക്ഷേത്രം ഭാരവാഹികൾ, ബാങ്ക് ജീവനക്കാർ തുടങ്ങി ഒട്ടേറെപ്പേർ ചേർന്നാണ് പണവും മറ്റു വസ്തുക്കളും എണ്ണിത്തിട്ടപ്പെടുത്തിയത്.