കൊല്ലത്തെ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പോലീസ് പിടികൂടിയത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. 1993 ൽ ടി കെ എം എഞ്ചിനിയറിംഗ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ. മകൾ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ്.
ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയിൽ പത്മകുമാറും സംഘവും ഭീഷണി കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളിൽ തന്നെ വീണു. ഇവിടെ മുതലാണ് പത്മകുമാറിന്റെ പ്ലാനുകൾ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവൻ സംഭവമറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.