എംജി സർവകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളുടെ പ്രവേശനം പൂർത്തിയായപ്പോൾ 5706 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ഒഴിവുകളേറെയും. സർവകലാശാലയ്ക്ക് കീഴിൽ 5 ജില്ലകളിലെ കോളേജുകളിൽ 16,358 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ 51 കോളേജുകളിലാണ് സീറ്റുകൾ ബാക്കിയുള്ളത്.
കോട്ടയത്താണ് കൂടുതൽ സീറ്റൊഴിവ് – 20 കോളേജുകളിലായി 2675. മറ്റു ജില്ലകളിലെ ഒഴിവുകളുടെ എണ്ണം: എറണാകുളം – 1017, പത്തനംതിട്ട – 1158, ഇടുക്കി – 747. ഒരു കോളേജ് മാത്രമുള്ള ആലപ്പുഴയിലും 109 സീറ്റ് മിച്ചമാണ്. സെൽഫ് ഫിനാൻസിങ് ബിരുദ കോഴ്സുകളും ഈ പട്ടികയിൽ ഉൾപ്പെടും.
വിദ്യാർഥികൾ ഉന്നതപഠനത്തിനായി കേരളത്തിനു പുറത്തേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്നതാണ് സീറ്റൊഴിവിനു പ്രധാന കാരണമെന്നാണ് സിൻഡിക്കറ്റ് – സെനറ്റ് യോഗത്തിന്റെ വിലയിരുത്തൽ. ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടിയവർ മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ കോഴ്സുകളിലേക്ക് മാറുകയും പ്രവേശനസമയം കഴിഞ്ഞെന്ന കാരണത്താൽ മറ്റു വിദ്യാർഥികൾക്ക് ഈ ഒഴിവുകളിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതും തിരിച്ചടിയായി.