

കോട്ടയം ജില്ലയിൽ ഒരു ദിവസം ശരാശരി 4 ദമ്പതിമാർ വീതം വിവാഹമോചിതരാകുന്നു. ദിവസവും ശരാശരി 6 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ കൂടുന്നു എന്നാണ് ഏറ്റുമാനൂർ, പാലാ എന്നീ കുടുംബക്കോടതികളിൽ നിന്നു പുറത്തു വരുന്ന, 2024ലെ കണക്കുകൾ. ജില്ലയിൽ 1565 ദമ്പതികൾ വേർപിരിഞ്ഞു. 2181 കേസുകൾ രജിസ്റ്റർ ചെയ്തു. ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയുടെയോ ഭർത്താവിന്റെയോ വിവാഹേതര ബന്ധം, ലഹരി ഉപയോഗം, വിവാഹത്തിനു മുൻപു പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നു തെളിയുക തുടങ്ങിയവയാണു വേർപിരിയലിന്റെ കാരണങ്ങൾ.
പണം, സ്വർണം, വസ്തു എന്നിവ സംബന്ധിച്ച പരാതികൾ, കുട്ടികളുടെ സംരക്ഷണച്ചുമതല, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളിൽ ഭൂരിപക്ഷവും തീർപ്പാക്കി. ഏറ്റുമാനൂരിൽ തീർപ്പാക്കിയതിൽ ഏറ്റവും പഴക്കമുള്ള കേസ് 8 വർഷം മുൻപുള്ളതാണ്. ഇവിടെ 20 ദിവസത്തിനുള്ളിൽ പരിഹരിച്ച പരാതികളുമുണ്ട്. പാലായിൽ 18 ദിവസം കൊണ്ടും കേസ് തീർപ്പാക്കിയിട്ടുണ്ട്. 6 വർഷം മുൻപുള്ളതാണ് പാലായിൽ പരിഹരിച്ച പഴക്കമേറിയ കേസ്.