അവയവദാനം; കഴിഞ്ഞവർഷം 42 വൃക്ക, 21 കരൾ, ഏഴ് ഹൃദയം എന്നിവ ദാനം ചെയ്യപ്പെട്ടു

അവയവദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധനയാണ് ഏതാനുംവർഷങ്ങളായി കേരളത്തിൽ. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷന്റെ (കെ സോട്ടോ) കണക്കുപ്രകാരമാണിത്. കഴിഞ്ഞവർഷം 42 പേർ വൃക്കദാനംചെയ്തു. 45 പേർ കോർണിയ നൽകി. കരൾ 21 പേരും ഹൃദയം ഏഴുപേരും നൽകിയപ്പോൾ രണ്ടുപേർ കൈ ദാനംചെയ്‌തു. ഇതിനുമുൻപ് 2020-ലാണ് 41 പേർ വൃക്ക ദാനംചെയ്തത്. കൈദാനം ഏറ്റവുമധികം നടന്നത് 2022-ൽ ആയിരുന്നു, ആറുപേർ. കൈ ഒഴികെ ബാക്കി എല്ലാ അവയവങ്ങളുടെയും ദാനം കൂടുതൽ നടന്നത് കഴിഞ്ഞവർഷമാണ്. നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ്റെ വെബ്സൈറ്റ് വഴി 2023 മുതൽ 2025 വരെ കേരളത്തിൽ 10,436 പേർ മരണാനന്തര അവയവദാനത്തിന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. മരണാനന്തരം അവയവങ്ങൾ ദാനംചെയ്യാൻ താത്പര്യമുള്ളവർക്ക് വെബ്സൈറ്റ് വഴി സന്നദ്ധത രജിസ്റ്റർചെയ്യാം

അവയവദാനത്തിൻ്റെ എണ്ണത്തിൽ വർധനയുള്ളപ്പോഴും തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാടിനെയും കർണാടകത്തെയും അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണ്.

2024-ൽ മസ്തിഷ്കമരണത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ 268 പേർ അവയവങ്ങൾ ദാനംചെയ്തു. കർണാടകത്തിൽ 162 പേരും മഹാരാഷ്ട്രയിൽ 172 പേരും. ആ വർഷം കേരളത്തിൽ 11 പേരുടെ കുടുംബമേ അവയവങ്ങൾ കൈമാറാൻ സന്നദ്ധമായുള്ളൂ. എന്നാൽ, കേരളത്തിൽ അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം സന്നദ്ധതയറിയിച്ചവരുടെ എണ്ണത്തെക്കാൾ പത്തിരട്ടിയിലേറെയാണ്.