ഉമ്മൻചാണ്ടിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ആ​ഗ്രഹം പോലെ, ഔദ്യോ​ഗിക ബഹുമതി ഉണ്ടാകില്ല

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്.

ഇക്കാര്യത്തിൽ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോട സ്മരിക്കുന്ന അനുശോചന പ്രമേയവും മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടിയാണ് ജനനേതാവായ ഉമ്മൻചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന പ്രമേയത്തിൽ മന്ത്രിസഭായോഗം അനുസ്മരിച്ചു.