ട്രാൻ. ബസുകളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ടിക്കറ്റ്

കെ.എസ്.ആർ.ടി.സി ബസുകളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം വരും. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി ക്യൂ.ആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്‌ഡ് ടിക്കറ്റ് മെഷീൻ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കും.

ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റ് കാശ് നൽകാം. ഡെബിറ്റ് കാർഡ് സൗകര്യവും ഉണ്ടാകും. ഇൻ്റർനെറ്റ് സൗകര്യം കുറവുള്ള മലയോരമേഖലകളിൽ ഓഫ്ലൈനായും ക്യു.ആർ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. കെ.എസ്.ആർ.ടി.സി ബസ് എത്തുന്ന സമയം, എവിടെ എത്തി, ഏത് റൂട്ട് എന്നിവ അറിയുന്നതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുക. ഈ കമ്പനി തന്നെയാകും ടിക്കറ്റ് മെഷീനുകൾ ലഭ്യമാക്കുക. നിലവിലുള്ള ടിക്കറ്റ് സംവിധാനവും ഇതിനൊപ്പം ഉണ്ടാകും.