സോഷ്യൽ മീഡിയയിൽ വമ്പൻ ഓഫർ നൽകികൊണ്ട് പെറ്റ് വിപണിയിൽ തട്ടിപ്പ് പെരുകുകയാണ്. പെറ്റ് ഷോപ്പുകളെ അപേക്ഷിച്ച് 300 മുതൽ 1000 രൂപ വരെ വിലക്കിഴിവിട്ടാണ് സാമൂഹിക മാധ്യമങ്ങളിലെ കച്ചവടമെന്നത് തട്ടിപ്പിന് ഏറെ അനുകൂല സാഹചര്യമൊരുക്കുന്നു.
ലാഭത്തിൽ മയങ്ങി വളർത്തുമൃഗങ്ങളെയും പക്ഷികളെയും വാങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവരാണ് തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴുന്നത്. അഡോപ്ഷൻ പോസ്റ്റുകളും നിരവധിയാണ്. അഡോപ്ഷനടക്കം നിരവധി ഗ്രൂപ്പുകൾ നിലവിൽ സജീവമാണ്. കൊവിഡ് കാലത്തിനു ശേഷം അരുമ മൃഗ, പക്ഷി വിപണിയിൽ കുതിച്ചുചാട്ടമാണുണ്ടായത്. വീട്ടിൽ വളർത്തുന്ന പക്ഷികൾക്കും മൃഗങ്ങൾക്കുമുള്ള ആവശ്യക്കാരേറിയതാണ് കാരണം. എന്നാൽ ഈ സാഹചര്യം തട്ടിപ്പുകാർ മുതലെടുത്തു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് കൂട്ടായ്മകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. കേരളത്തിന് അകത്തും പുറത്തുമുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ. നിരവധിപേരാണ് അടുത്തിടെ മാത്രം ഇത്തരം സംഘങ്ങളുടെ കെണിയിൽ വീണത്.
തട്ടിപ്പ് ഇങ്ങനെ
സമൂഹമാദ്ധ്യമങ്ങളിൽ അഡോപ്ഷൻ പോസ്റ്റുകൾ ഇട്ട് ആവശ്യക്കാരെ കണ്ടെത്തും. അവരുടെ അഭിരുചി മനസിലാക്കി അരുമകളുടെ വ്യാജ ഫോട്ടോ കാണിച്ച് കച്ചവടമുറപ്പിക്കും. കൈമാറുന്നത് ഫോട്ടോയിൽ കണ്ടതിന് സമാനമായ ക്രോസ് ഇനങ്ങളാകും. വില കൂടിയ വിദേശ ബ്രീഡുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കച്ചവടം. കെന്നൽ ക്ളെബ് ഓഫ് ഇന്ത്യയുടെ വ്യാജ സർട്ടിഫിക്കറ്റുകളും നൽകും.
സമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള ഇടപാടുകൾക്ക് കരുതൽ വേണം
- പ്രൊഫൈൽ ഹിസ്റ്ററി പരിശോധിക്കുക
- മേഖലയിലെ പരിചയം മനസിലാക്കുക
- അനുഭവസ്ഥരുടെ അഭിപ്രായം തേടുക
- നേരിട്ട് കണ്ട് കണ്ട് വാങ്ങുക
- വീഡിയോ കോളിൽ വില്പനക്കാരുമായി സംസാരിക്കുക
- അരുമയെ വീഡിയോ കോളിൽത്തന്നെ കാണണമെന്ന് ആവശ്യപ്പെടുക
- അഡോപ്ഷൻ പോസ്റ്റുകളുടെ യാഥാർത്ഥ്യം അറിഞ്ഞു മാത്രം വാങ്ങാനെത്തുക
ശരിയായി അഡോപ്ഷൻ നല്കുന്നവർ ആവശ്യക്കാരുടെ വീട്ടിൽ എത്തിക്കും
സംസ്ഥാനത്ത് ഉടനീളം പെറ്റ് ട്രാൻസ്പോർട്ടിംഗ് നിലവിലുണ്ട്. അവരുടെ സഹായവും തേടാം