പുതിയ നിറം കണ്ടെത്തി; ഇതിന് മുമ്പാരും കണ്ടിട്ടില്ലാത്ത ‘ഓലോ’

മനുഷ്യർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ നിറം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ ‘ഓലോ’ എന്ന പുതിയ നിറം കാണാൻ കഴിയുമെന്ന് അടുത്തിടെ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലെ കണ്ടെത്തലുകൾ അവകാശപ്പെടുന്നു. പഠനത്തിന്‍റെ രചയിതാവായ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ റെൻ എൻജി ഈ കണ്ടെത്തലുകളെ അത്ഭുതകരം എന്ന് വിശേഷിപ്പിച്ചു. പങ്കെടുത്തവരുടെ കണ്ണുകളിലേക്ക് ഗവേഷകർ ലേസർ പൾസുകൾ അയച്ചുനടത്തിയ ഒരു പരീക്ഷണത്തെ തുടർന്നാണ് ഈ കണ്ടത്തൽ എന്ന പ്രബന്ധം പറയുന്നു. പങ്കെടുത്തവർ നീലയും പച്ചയും കലർന്ന് പുതിയൊരു നിറം കണ്ടതായി അവകാശപ്പെടുന്നു. ഈ പുതിയ നിറത്തിന് ‘ഓലോ’ എന്നാണ് ഗവേഷകർ നൽകിയ പേര്.

ലേസർ ബീം ഉപയോഗിച്ച് പരീക്ഷണം നടത്തിയ അമേരിക്കൻ ശാസ്ത്രജ്ഞരുടെ സംഘമാണ് ഓലോ നിറം കണ്ടെത്തിയതായി അവകാശപ്പെടുന്നത്. ഇതിനായി ഗവേഷകർ ഒരു പരീക്ഷണം നടത്തി. അതിൽ ആദ്യം അഞ്ചുപേരുടെ കണ്ണുകളിൽ വളരെ കൃത്യവും ആസൂത്രിതവുമായ രീതിയിൽ ഒരു ലേസർ ബീം കടത്തിവിട്ടു. നിറങ്ങൾ കാണാൻ സഹായിക്കുന്ന റെറ്റിനയിലെ കോൺ കോശങ്ങളെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം.

നമ്മുടെ റെറ്റിനയിൽ S, M, L എന്നീ പേരുകളുള്ള മൂന്ന് കോൺ കോശങ്ങളുണ്ട്, ഇത് നീല, പച്ച, ചുവപ്പ് നിറങ്ങൾ കാണാൻ സഹായിക്കുന്നു. സാധാരണയായി നിറങ്ങൾ കാണാൻ ഒന്നിലധികം സെല്ലുകൾ സജീവമാക്കാറുണ്ട്. എന്നാൽ ഈ പരീക്ഷണത്തിൽ എം സെല്ലുകൾ സജീവമാക്കി. ഇത് മുമ്പ് സ്വാഭാവിക കാഴ്ചയിൽ കണ്ടിട്ടില്ലാത്ത ഒരു നിറം സൃഷ്‍ടിക്കുന്നതിൽ കലാശിച്ചു. ഈ നിറത്തിന് ‘ഓലോ’ എന്ന് പേരിട്ടു.

ഓലോയെ നോക്കുമ്പോൾ, പച്ച ലേസർ പ്രകാശത്തിന്‍റെ സാച്ചുറേഷൻ ആയിരം മടങ്ങ് വർധിച്ചതായി തോന്നുന്നു എന്നാണ് പരീക്ഷണത്തിൽ പങ്കെടുത്ത ചിലർ പറഞ്ഞത്. ലേസർ വെളിച്ചം പോലും ഇതിന് മുന്നിൽ വിളറിയതായി കാണപ്പെട്ടിരുന്നു എന്നായിരുന്നു ചിലരുടെ തോന്നൽ. എന്നാൽ മറ്റുചിലർ അതിനെ അന്യഗ്രഹ നിറം എന്ന് വിളിച്ചപ്പോൾ വേറെ ചിലർ വെർച്വൽ ഭാവനയ്ക്ക് അതീതമായ നിറമാണെന്ന് പറഞ്ഞു.

ഈ കണ്ടെത്തൽ ഒരു പുതിയ നിറം കാണുക എന്നതു മാത്രമല്ല നമ്മുടെ ദൃശ്യ സംവിധാനത്തിന്‍റെ പരിധികൾ മനസിലാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായും മാറും. വർണ്ണാന്ധത ബാധിച്ചവർക്ക് പ്രതീക്ഷയുടെ ഒരു  കിരണമാണ് ‘ഓലോ’ എന്ന നിറത്തിന്‍റെ കണ്ടെത്തൽ എന്നാണ് ഗവേഷകർ പറയുന്നത്. കാരണം, വ്യത്യസ്‍ത കോൺ കോശങ്ങളെ എങ്ങനെ ഉത്തേജിപ്പിക്കാമെന്ന് ശാസ്ത്രജ്ഞർക്ക് മനസിലാക്കാൻ സാധിച്ചാൽ, ചാരനിറമോ മങ്ങിയതോ ആയ നിറങ്ങൾ മാത്രം കാണുന്ന ആളുകളെ അത് സഹായിക്കും.