പഴയ കസവ് സാരികൾ ഉപേക്ഷിക്കുന്നത് ആലോചിച്ചിട്ട് മതി

വീട്ടിൽ ഉപയോ​ഗ്യശൂന്യമായ പഴയ കസവ് സാരി ഉണ്ടോ? 40000 രൂപ വരെ തരാം. റീലുകളിലും മറ്റും ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. എത്ര കീറിയതാണേലും മുഷിഞ്ഞതാണേലും കസവ് ആണെങ്കിൽ അതിന് പണം ഉറപ്പാണ്, അതും ചിന്തിക്കാവുന്നതിലും അപ്പുറമുള്ള പണം. 3000 മുതൽ ലക്ഷങ്ങൾ വരെ വിലവരുന്ന കസവ് സാരികളാണ് ഇന്ന് കേരളത്തിൽ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ എത്ര മുഷിഞ്ഞതാണേലും കീറിയതാണേലും കച്ചവടക്കാർക്ക് കൊടുത്തു കഴിഞ്ഞാൽ തുണിയുടെ ഗുണനിലവാരത്തിനനുസരിച്ച് പണം ലഭിക്കും.

കസവ് സാരികൾ മാത്രമല്ല ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ പട്ട് മുണ്ട്, പട്ടുപാവാട, ഷാൾ തുടങ്ങിയവയും ഈ കച്ചവടക്കാർ എടുക്കാറുണ്ട്. വസ്ത്രങ്ങളിലെ കസവ് വീണ്ടും ഉപയോ​ഗിക്കാൻ ആകുമോ എന്ന് അറിയാൻ കസവ് ഭാഗം ഒരു പ്രത്യേക ലോഹത്തിലാണ് ഉരച്ച് നോക്കുന്നത്. ഗുണനിലവാരം ഉറപ്പായാൽ ഉടൻ പണം. ഇതാണ് കച്ചവടരീതി. ഇങ്ങനെ കസവ് വസ്ത്രങ്ങൾ എടുത്തു പണം നൽകുന്നവർ ഇപ്പോൾ കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലെല്ലാം ഉണ്ട്. പലരും പാരമ്പര്യമായി ഈ കച്ചവടം ചെയ്യുന്നവർ.

ഒരു വസ്ത്രം എന്നതിലുപരി കേരളത്തിൻറെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്നതാണ് കസവ് സാരികൾ. ഇതിലെ വെള്ള നിറം വിശുദ്ധിയെയും ശാന്തതയെയും പ്രതിനിധീകരിക്കുമ്പോൾ സ്വർണ്ണ നിറം ഐശ്വര്യവും ദൈവികതയേയും സൂചിപ്പിക്കുന്നു. കൈത്തറി വസ്ത്രങ്ങൾക്കും കസവ് സാരികൾക്കും 200 വർഷത്തെ ചരിത്രമാണുള്ളത്. ലക്ഷങ്ങൾ വരെ വില വരുന്ന ഈ സാരികൾക്ക് എന്താണ് ഇത്ര ഡിമാന്റന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ. ഇതിന് കാരണങ്ങൾ പലതുണ്ട്.

പ്രധാനമായും കസവ് സാരികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പല വസ്തുക്കളും ദുർലഭമാണ് എന്നുള്ളതാണ്. ഉദാഹരണത്തിന്, കസവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പലതരം നൂലുകൾ. കോട്ടൺ അല്ലെങ്കിൽ സിൽക്ക് തുണിത്തരങ്ങളിൽ ബോർഡർ ലൈനുകളോ ഡിസൈനുകളോ ഉണ്ടാക്കാൻ നല്ല സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ചതാണ് യഥാർത്ഥ കസവ്. അതുകൊണ്ട് തന്നെ ഇതിന്റെ മൂല്യം കൂടുന്നു. കസവ് സാരികൾ പൂർണമായും കൈകൊണ്ട് നിർമ്മിക്കുന്നവയാണ്. നെയ്തെടുക്കാൻ നിരവധി ദിവസങ്ങൾ വേണ്ട ഓരോ സാരിയും ഒരു കലാസൃഷ്ടിയാണ്.

കേരളത്തിൻ്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്ന ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിച്ച ചരിത്രമാണ് കസവു സാരികൾക്കുള്ളത്. ഇപ്പോഴും ഈ പ്രദേശങ്ങളിലാണ് കസവ് സാരികൾ കൂടുതൽ ലഭിക്കാറുള്ളത്’. മൈസൂരിൽ ഉൾപ്പെടുന്ന ദേവാംഗ ചെട്ടിയാർ സമുദായവും കസവ് വസ്ത്രങ്ങൾ നിർമ്മിക്കാറുണ്ട്. ഈ സമുദായത്തിലെ നെയ്ത്തുകാർ കൊച്ചി രാജാവിന് നെയ്ത്തിനായി തറികൾ കുത്താമ്പുള്ളിയിലേക്ക് കൊണ്ടുവന്നുവെന്നതാണ് ചരിത്രം.

ദേവാംഗ ചെട്ടിയാർ സമുദായത്തിൽ നിന്ന് രണ്ടായിരത്തോളം പേർ ഈ പരമ്പരാഗത തൊഴിൽ ഇപ്പോഴും തുടർന്നുവരുന്നു. തിരുവിതാംകൂർ രാജാവായിരുന്ന ബാലരാമ വർമ്മ കസവ് വസ്ത്രങ്ങൾ നെയ്യുന്നതിനായി തമിഴ്‌നാട്ടിലെ ഷാലിയാൽ വിഭാഗത്തിൽപ്പെട്ടവരെ ബാലരാമപുരത്തേയ്ക്ക് കൊണ്ട് വന്നെന്ന ചരിത്രവും പറയുന്നുണ്ട്.

കസവ് സാരികൾ വളരെ മിനിമലിസ്റ് ആണെന്നതും ശ്രദ്ധേയമായ കാര്യമാണ്. കാലം മാറിയതനുസരിച്ച് കസവ് പല രൂപമാറ്റങ്ങളിൽ എത്തി തുടങ്ങി. പണ്ട് കസവ് സാരിയും മുണ്ടും മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ കസവിൽ വേറിട്ട ഡിസൈനുകൾ കാണാം. കസവിന് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. ഓണം പോലുള്ള ആഘോഷങ്ങളിൽ കസവ് സാരികൾക്ക് വമ്പിച്ച ഡിമാന്റുമാണ്. കസവിന്റെ മൂല്യം അന്നത്തെപോലെ തന്നെ ഇപ്പോഴുമുണ്ട്.