പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിലെ മെനുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

പാചകവാതക വിതരണത്തിൽ ക്ഷാമം നേരിടുന്നതിനാൽ പ്രതിസന്ധിയിലാകുന്നത് രാജ്യത്തെ ഹോട്ടൽ മേഖല കൂടിയാണ്. പാചകവാതക വിതരണം ഗാർഹിക ഉപയോക്താക്കൾക്ക് മാത്രമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യത്തെ എണ്ണ വിപണന കമ്പനികളോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലുകളിൽ പ്രതിസന്ധിയാണെന്ന് നാഷനൽ റസ്റ്ററന്റ് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തുന്നത്.

പാചകവാതക ഉപഭോഗം കുറയ്ക്കുന്നതിനായി മെനുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കുറഞ്ഞ സമയം കൊണ്ട് തയാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണം. ഗ്യാസിന് പകരമായി ഇലക്ട്രിക് ഇൻഡക്ഷൻ കുക്കറുകളുടെയും മറ്റ് വൈദ്യുതി ഉപകരണങ്ങളുടെയും ഉപയോഗം വർധിപ്പിക്കണം. പാചക രീതികളിൽ മാറ്റം വരുത്തണം. നിലവിലെ പ്രതിസന്ധി മൂലം വിഭവങ്ങളുടെ ലഭ്യതയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തണമെന്നും തുടങ്ങിയ നിർദേശങ്ങളാണ് നാഷനൽ റസ്റ്ററന്റ് അതോറിറ്റി ഓഫ് ഇന്ത്യ നൽകിയത്.

പാചകവാതക ക്ഷാമം രൂക്ഷമായതോടെ അവശ്യവസ്തു നിയമം പ്രയോഗിച്ചാണ് വാണിജ്യാവശ്യ സിലിണ്ടറുകളുടെ വിതരണം നിയന്ത്രിച്ചത്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ‘റീഫിൽ’ ഇടവേള 21 ദിവസത്തിൽനിന്ന് 25 ദിവസമായി ഉയർത്തി. സംഘർഷം എൽപിജി ഇറക്കുമതിയെ ബാധിച്ചതോടെ ആഭ്യന്തര എൽപിജി ഉൽപ്പാദനം പരമാവധി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകി.

ഒപ്പം ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 114.5 രൂപയും കൂട്ടി. ഇന്ത്യയിലെ എൽപിജി ലഭ്യതയുടെ 62 ശതമാനം ഇറക്കുമതിയെ ആശ്രയിച്ചാണ്. ഇതിൽ 90 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് വരേണ്ടത്. വാണിജ്യ സിലിണ്ടറുകൾ നിലച്ചതോടെ ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളിൽ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനം അവതാളത്തിലായി. പലയിടങ്ങളിലും റെസ്റ്റോറൻ്റുകൾ അടഞ്ഞുതുടങ്ങി.