പ്രളയ ഭീതി, അതീവ ജാഗ്രതയിൽ ഡല്‍ഹി

കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിൽ ഡല്‍ഹി. അണക്കെട്ടുകളിൽ നിന്ന് കൂടൂതൽ വെള്ളം എത്തിയതോടെ യമുന നദിയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ഡല്‍ഹിയിലെ പ്രധാന റോഡുകൾ നദിക്ക് സമാനമായ സ്ഥിതിയിലാണ്. ഗതാഗതം പ്രധാന പാതകളിൽ തടസപ്പെട്ടു.

നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും നിലച്ചു. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാൻ കാരണം. അതേസമയം, ഡല്‍ഹിയില്‍ എൻ ഡി ആർ എഫിൻ്റെ കൂടൂതൽ സേനയെ വിന്യസിക്കാനൊരുങ്ങുകയാണ്. ആരോഗ്യ മേഖലയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുതര സാഹചര്യത്തിന് തയ്യാറായിരിക്കാനാണ് നിർദ്ദേശം. അനാവശ്യ യാത്ര ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകി.

അതേസമയം, സർവകലാശാലകൾ അടക്കം ഡല്‍ഹിയില്‍ ഞാറാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചു. ആവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളുകളിലേക്ക് മാറ്റുവാനും തീരുമാനിച്ചു. ഡല്‍ഹിയിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു.