അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല; ഇനിയുള്ളത് മൂന്ന്‌ പ്രവൃത്തിദിവസംമാത്രം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ പൊതു അവധി ദിവസമായ ഞായറാഴ്ച‌യും പെരുന്നാൾ അവധിദിനത്തിലും സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 23-ാ-ാം തീയതി പത്രികാ സമർപ്പണം അവസാനിക്കാനിരിക്കെ, വരുംദിവസങ്ങളിലെ പൊതുഅവധി ഒഴിവാക്കിയാൽ സ്ഥാനാർഥികൾക്ക് ഇനി മൂന്ന് പ്രവൃത്തിദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

ബുധനാഴ്ചവരെ രണ്ട് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ആറന്മുള മണ്ഡലത്തിലെ എസ്‌യുസിഐ സ്ഥാനാർഥിയും ചങ്ങനാശേരിയിലെ സ്വതന്ത്ര സ്ഥാനാർഥിയുമാണ് പത്രിക സമർപ്പിച്ചവർ. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന 24-ന് നടക്കും. 26വരെ സ്ഥാനാർഥിത്വം പിൻവലിക്കാം.

അവധി ദിനങ്ങളിൽ പത്രിക സ്വീകരിക്കാൻ അവസരമൊരുക്കണമെന്ന് രാഷ്ട്രീയ പാർടികൾ ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യം നിഷേധിച്ചു. അവശ്യ സേവന വിഭാഗങ്ങളിലുള്ളവർക്ക് 21 വരെ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അവസരമുണ്ട്. കേരള പൊലീസ്, കേരള ബറ്റാലിയൻ, അഗ്നിരക്ഷാസേന, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, തപാൽ, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ കമീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ. ഇവർക്ക് ഏപ്രിൽ 3, 4, 5 തീയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വേട്ട് രേഖപ്പെടുത്താം.

40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടർമാർക്കും സീനിയർ സിറ്റിസൺ ആയ വോട്ടർമാർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഇതിനുള്ള ഫോം 12 ഡി ബിഎൽഒമാർ വിതരണംചെയ്യ്‌തുതുടങ്ങി. പൂരിപ്പിച്ച ഫോമുകൾ ബിഎൽഒമാർ തന്നെ തിരികെ വാങ്ങി വീടുകളിൽത്തന്നെവോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും. ഏപ്രിൽ 9നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.