ഫോണ്‍പേയിലും ഗൂഗിള്‍പേയിലും ഇനി തട്ടിപ്പ് നടക്കില്ല; ഒക്ടോബർ മുതൽ പുതിയ നിയമങ്ങൾ

യുപിഐ ഇടപാടുകൾക്ക് നാഷണൽ പേമെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യ പുതിയ നിയമങ്ങൾ ഏർപ്പെടുത്തും. യുപിഐ ഫീച്ചറുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പീർ ടു പീർ(P2P) ഇടപാടുകൾ നീക്കം ചെയ്യും. അതായത് ബാങ്കുകളിൽ നിന്നും പേമെന്റ് ആപ്പുകളിൽ നിന്നും കളക്ട് റിക്വസ്റ്റ് നീക്കം ചെയ്യും. ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഉപയോക്താവിന്റെ സുരക്ഷ വർധിപ്പിക്കുക, സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുക എന്നതാണ് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുക വഴിയുള്ള ലക്ഷ്യം.

ഒരു നിശ്ചിത തുക അയയ്ക്കാനോ, അല്ലെങ്കിൽ ഒരു ബിൽ സ്‌പ്ലിറ്റ് ചെയ്യുന്നതിനോ ആണ് സാധാരണഗതിയിൽ ഇത് ഉപയോഗിച്ചിരുന്നത്. നേരത്തേ ഇത്തരത്തിൽ 2000 രൂപ വരെ മാത്രം കൈമാൻ സാധിക്കുന്ന തരത്തിൽ ഈ ഫീച്ചറിന്റെ സേവനം പരിമിതപ്പെടുത്തിയിരുന്നു. എന്നിട്ടും സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് പിടുപി ഫീച്ചർ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ക്യൂആർ കോഡ് സ്‌കാൻ ചെയ്തോ, പണം അയയ്ക്കേണ്ട വ്യക്തിയുടെ യുപിഐ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ തിരഞ്ഞെടുത്തോ മാത്രമേ പണം അയയ്ക്കാൻ കഴിയൂ.

യുപിഐയുടെ ഈ പുതിയ പണമിടപാട് നിയമങ്ങൾ ഫ്ളിപ്പ്കാർട്ട്, ആമസോൺ, സ്വിഗി, ഐആർടിസി തുടങ്ങിയ മർച്ചന്റ് ട്രാൻസാക്ഷനെ ബാധിക്കില്ല. എന്നിരുന്നാലും പണമിടപാട് പൂർത്തിയാക്കുന്നതിനായി അവർക്ക് റിക്വസ്റ്റ് അപ്രൂവ് ചെയ്യേണ്ടിയും യുപിഐ പിന്നും നൽകേണ്ടി വരും.