ദേശീയപാത വികസനം: ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്‍ണയം

കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിർണയിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശം അംഗീകരിച്ച് സംസ്ഥാനവും. മൂല്യനിർണയം നടത്തി വിലനിശ്ചയിക്കുമ്പോൾ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കുറയും. ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ലെന്ന് സംസ്ഥാനം പറയുന്നുണ്ടെങ്കിലും 966 (കോഴിക്കോട്-പാലക്കാട്)-ന്‍റെ കാര്യത്തിൽ നിലവിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.

2018 മാന്വൽ പ്രകാരമാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം കെട്ടിടങ്ങളുടെ വിലനിർണയത്തിൽ തീരുമാനമെടുക്കുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങൾ നേരത്തേ തുടങ്ങിയതിനാൽ ദേശീയപാത 66-ൽ പഴയരീതി പിന്തുടരുകയായിരുന്നു. പുതിയ പാതകൾക്ക് ഈ നിർദേശം ബാധകമാവില്ലെന്നും മാന്വൽ പ്രകാരം നടക്കണമെന്നും സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചിരുന്നു.

മാന്വലിൽ കാലപ്പഴക്കം നോക്കി വില നിശ്ചയിക്കണമെന്നാണ് പറയുന്നത്. വിസ്തീർണം തിട്ടപ്പെടുത്തി ഓരോ വിഭാഗം കെട്ടിടങ്ങളെ തരംതിരിക്കണം. ഇതിന്‍റെ രണ്ടിരട്ടി വിലനൽകാം. കാലപ്പഴക്കം അടിസ്ഥാനത്തിലാക്കുന്നതോടെ അന്നത്തെ കെട്ടിടവില റവന്യൂവകുപ്പ് കണ്ടെത്തണം. ഇതിന്‍റെ രണ്ടിരട്ടി തുകനൽകിയാലും പുതിയ കെട്ടിടം നിർമിക്കാനുള്ള പണം തികയില്ലെന്നാണ് ഉടമകളുടെ പരാതി.

കേന്ദ്രനിർദേശത്തോട് ആദ്യം കേരളം യോജിച്ചില്ലെങ്കിലും കേന്ദ്രം ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. നഷ്ട‌പരിഹാരവിതരണം ആരംഭിച്ചിട്ടില്ലാത്ത എല്ലാ ദേശീയപാത പദ്ധതികൾക്കും ഘടനാപരമായ മൂല്യനിർണയം നടത്തി 2018-ലെ മാന്വൽ പ്രകാരം വില നിശ്ചയിക്കാമെന്ന് സംസ്ഥാനസർക്കാരിന്‍റെ ഉത്തരവിൽ പറയുന്നു.