4 ആശുപത്രിക്കുകൂടി ദേശീയ അംഗീകാരം ; 10 ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ

സംസ്ഥാനത്തെ നാല്‌ ആശുപത്രിക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. ഒരു സാമൂഹികാരോഗ്യകേന്ദ്രവും മൂന്ന്‌ കുടുബാരോഗ്യകേന്ദ്രവുമാണ്‌ നേട്ടമുണ്ടാക്കിയത്‌. കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രം 87 ശതമാനവും കോട്ടയം ഉദയനാപുരം എഫ്എച്ച്‌സി 97 ശതമാനവും കൊല്ലം ശൂരനാട് സൗത്ത് എഫ്എച്ച്‌സി 92 ശതമാനവും പെരുമൺ എഫ്എച്ച്‌സി 84 ശതമാനവും സ്‌കോർ നേടി.

മികച്ച സൗകര്യങ്ങളുള്ള ആശുപത്രികൾക്ക്‌ ലഭിക്കുന്നതാണ്‌ അംഗീകാരം. സംസ്ഥാനത്ത്‌ ഈ അംഗീകാരം ലഭിച്ച ആശുപത്രികളുടെ എണ്ണം 164 ആയി.

അഞ്ച്‌ ജില്ലാ ആശുപത്രി, നാല്‌ താലൂക്ക് ആശുപത്രി, ഒമ്പത്‌ സാമൂഹികാരോഗ്യകേന്ദ്രം, 39 നഗരസഭ പ്രാഥമികാരോഗ്യകേന്ദ്രം, 107 കുടുംബാരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയത്. ഇതുകൂടാതെ മികച്ച പ്രസവചികിത്സാ സൗകര്യങ്ങളുള്ള 10 ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചു.