സംസ്ഥാനത്ത് മഞ്ഞ, പിങ്ക് മുൻഗണനാ റേഷൻ കാർഡംഗങ്ങളുടെ മസ്റ്ററിംഗ് തുടരാൻ ഭക്ഷ്യവകുപ്പ് തീരുമാനം. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിൻ്റെ ഭാഗമായി മുഴുവൻ മുൻഗണനാ കാർഡംഗങ്ങളും ബയോ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടികൾ. മുൻഗണനാ കാർഡ് ഗുണഭോക്താക്കളുടെ എണ്ണം കുറയുന്നത് സംസ്ഥാനത്തിനുള്ള റേഷൻ വിഹിതം കുറയാൻ ഇടയാക്കും.
ഇന്നത്തോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 34 ലക്ഷം പേർ ഇനിയും മസ്റ്ററിംഗിന് വിധേയരാകാനുള്ളതിനാലാണ് നീട്ടുന്നത്. മന്ത്രി ജി.ആർ.അനിലിൻ്റെ അദ്ധ്യക്ഷതയിൽ ഇന്നു ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
വിരലടയാളത്തിലൂടെ ബയോമെട്രിക് വിവരങ്ങൾ പതിയാത്തവരുടെ കൃഷ്ണമണി സ്കാൻ ചെയ്യും. 10 വയസ്സിനു താഴെയുള്ള 9 ലക്ഷത്തോളം കുട്ടികളുടെ ബയോമെട്രിക് വിവരം ശേഖരിക്കാൻ എന്തു സംവിധാനം വേണമെന്ന കാര്യവും യോഗം ചർച്ച ചെയ്യും. ഭക്ഷ്യസെക്രട്ടറി, ഭക്ഷ്യപൊതുവിതരണ കമ്മിഷണർ, റേഷനിംഗ് കൺട്രോളർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
ഇ പോസ് യന്ത്രത്തകരാർ കാരണം കഴിഞ്ഞ മാർച്ചിൽ നിറുത്തിവച്ച മസ്റ്ററിംഗ് കഴിഞ്ഞമാസം 18നാണ് പുനരാരംഭിച്ചത്.
കിടപ്പുരോഗികളുടെ വിവരങ്ങൾ റേഷൻ കടകൾ മുഖേന ബന്ധപ്പെട്ട റേഷനിംഗ് ഓഫീസർമാർ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തും. ചില റേഷൻകടയുടമകൾ രോഗികളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തിയിരുന്നു.
മസ്റ്ററിംഗ് അസാധുവായവർ പേരുകൾ തിരുത്തണം
ആധാറിലെയും റേഷൻ കാർഡിലെയും പേരുകളിലെ പൊരുത്തക്കേടുകൾ മൂലം മസ്റ്ററിംഗ് അസാധുവായവർ കാർഡിൽ പേര് തിരുത്തേണ്ടി വരും.
ഒരു ലക്ഷത്തിലേറെ പേരുടെ മസ്റ്ററിംഗ് ഇതു മൂലം താലൂക്ക് സപ്ലൈ ഓഫീസർമാർ അംഗീകരിക്കാത്തതിനാൽ അസാധുവായിരുന്നു.
പേരിലെ തിരുത്തൽ ഹൈദരാബാദിലെ എ.ഇപി.ഡി.എസ് സെർവറിലേക്ക് അപ് ലോഡ് ചെയ്യുന്നത് എല്ലാ മാസവും 21നാണ്. അതിനാൽ ഒരു മാസത്തോളം കാത്തിരുന്ന ശേഷമേ വീണ്ടും മസ്റ്ററിംഗ് നടത്താനാകൂ.
മഞ്ഞ, പിങ്ക് കാർഡുള്ള ആകെ അംഗങ്ങൾ 1.53 കോടി
ഇതു വരെ മസ്റ്ററിംഗ് നടത്തിയത്. 1.16 കോടി (75.93%)
പിങ്ക് കാർഡ് അംഗങ്ങൾ 1.33 കോടി
മസ്റ്ററിംഗ് നടത്തിയത് 1.01 കോടി
മഞ്ഞ കാർഡ് അംഗങ്ങൾ 19.84 ലക്ഷം
മസ്റ്ററിംഗ് നടത്തിയത് 15.42 ലക്ഷം