

മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡും കരുതണമെന്ന് ഹൈക്കോടതി. പട്രോളിംഗിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മയക്കുമരുന്ന് കൈവശംവച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത മഫ്‌തി പൊലീസുകാർക്കു നേരെ കുരുമുളക് സ്പ്രേ തളിച്ച് രക്ഷപ്പെട്ടെന്ന കേസിലെ പ്രതി കോട്ടയം സ്വദേശി ഷിബിൻ ഷിയാദിന് മുൻകൂർ ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.
പൊലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്‌ജിയുടെപോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോഗം ചെയ്ത് പലരും തട്ടിപ്പ് നടത്തുന്നുണ്ട്. മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യംചെയ്താൽ കുറ്റപ്പെടുത്താനാകില്ല. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.
മഫ്‌ടി ഡ്യൂട്ടിയെക്കുറിച്ച് നാഗരിക സുരക്ഷാ സംഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല. മേലധികാരിയുടെ ഉത്തരവുണ്ടെങ്കിൽ മാത്രം മഫ്തിയിൽ ഡ്യൂട്ടി ചെയ്യാമെന്നാണ് പൊലീസ് മാന്വലിൽ പറയുന്നത്.