കാലവർഷം കന്യാകുമാരി മേഖലയിൽ വ്യാപിച്ചു; അറബിക്കടലിൽ ന്യൂനമർദ സാധ്യത

കാലവർഷം തെക്കൻ അറബിക്കടൽ, കന്യാകുമാരി മേഖലയിലെ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചു. അതേസമയം, അറബിക്കടലിൽ കർണാടക തീരത്തിനു മുകളിൽ ന്യൂനമർദ സാധ്യത കാണുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മേയ് 21ന് ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മേയ് 22ന്  ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ശനിയാഴ്ച മുതൽ ചെറുതായി മഴ സജീവമാകാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ സാധ്യത കാണുന്നതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇത്തവണ സാധാരണയേക്കാള്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് പ്രവചനം. പസഫിക്കിലെ എല്‍നിനോയുടെ അഭാവം മണ്‍സൂണിന് അനുകൂലമാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ നീളുന്ന കാലവര്‍ഷക്കാലത്ത് 87 സെന്‍റിമീറ്റര്‍ മഴയാണ് രാജ്യത്ത് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം അധികം മഴ കിട്ടി. ഇത്തവണയും നല്ല തോതില്‍ മഴകിട്ടുമെന്നാണ് പ്രതീക്ഷ.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള്‍, തെക്കേ ഇന്ത്യയിലെ ചിലഭാഗങ്ങള്‍ എന്നിവ ഒഴിച്ചാല്‍ മറ്റെല്ലായിടത്തും നല്ല മഴയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ലഭിക്കുന്ന മഴയുടെ ഏകദേശം എഴുപതു ശതമാനവും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നറിയുന്ന മണ്‍സൂണ്‍കാലത്താണ് ലഭിക്കുന്നത്.