വാഹനങ്ങളുടെ ബോഡിയിൽ അഴുക്കുപറ്റിയാൽ വെള്ളമൊഴിച്ചു കഴുകിയാൽ പോകും. എന്നാൽ ഇന്റീരിയറിലെ അഴുക്ക് അങ്ങനെ കഴുകി കളയാൻ പറ്റില്ല. ഇനിയങ്ങോട്ട് മഴയുടെ സീസണായതിനാൽ, പെരുമഴയ്ക്കു മുൻപ് വാഹനത്തിന്റെ ഇന്റീരിയർ ക്ലീനിങ് മറക്കാതെ ചെയ്യുന്നതാണ് നല്ലത്. അംഗീകൃത സർവീസ് സെന്ററുകളിൽ ചെയ്യിക്കുന്നതാണ് എപ്പോഴും നല്ലത്.
- ഇന്റീരിയർ ക്ലീനിങ്ങിന്റെ ആദ്യ പടി വാക്വം ക്ലീനിങ്ങാണ്. കാറിനകത്തെ പൊടി നീക്കം ചെയ്തില്ലെങ്കിൽ അലർജി ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകാം. സീറ്റിനിടയിലെ പൊടി ഉൾപ്പെടെ വാക്വം ചെയ്തു കളയണം. ഇന്റീരിയറിലെ പൊടി സ്വയം കളയാൻ വാക്വം ക്ലീനർ ഉപയോഗിക്കാം. കാറിലെ ചെറിയ സോക്കറ്റിൽ വച്ചു പ്രവർത്തിപ്പിക്കാവുന്ന വാക്വം ക്ലീനറുകൾ വിപണിയിൽ ലഭ്യമാണ്.
- മഴക്കാലത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇന്റീരിയറിൽ രൂപപ്പെടുന്ന മിസ്റ്റ്. ഇതു മാറ്റാൻ ചെറിയൊരു സൂത്രമുണ്ട്. വണ്ടിക്കുള്ളിൽ മിസ്റ്റ് എസി വിൻഷീൽഡ് മോഡിലേക്ക് ഇടുക. അല്ലെങ്കിൽ പുറത്തുനിന്നുള്ള വായു എടുക്കുക. അപ്പോൾ അകത്തെയും പുറത്തെയും ഊഷ്മാവ് ഒരുപോലെയാകും. വണ്ടിക്കുള്ളിലെ വായു അൽപനേരത്തേക്ക് റീ സർക്കുലേറ്റ് മോഡിൽ ഇടുക. ടെംപറേച്ചർ ഹീറ്റ് സ്വിച്ച് ഓൺ ചെയ്യുക. അപ്പോൾ വിൻഡ് ഷീൽഡിലെ മിസ്റ്റ് മാറും. ഡീഫോഗർ ഓൺ ചെയ്താൽ റിയർ ഗ്ലാസിലെ മഞ്ഞും മാറിക്കിട്ടും.
- ഇന്റീരിയർ ക്ലീനിങ് ചെയ്യുമ്പോൾ ഒരിക്കലും വെള്ളം ഉപയോഗിക്കരുത്. ഇന്റീരിയർ ക്ലീനിങ് സൊലൂഷൻ/ സ്പ്രേ വിപണിയിൽ വാങ്ങാൻ കിട്ടും. അപ്ഹോൾസ്റ്ററിയിലും മറ്റും ഈ മിശ്രിതം ഫോം രൂപത്തിൽ സ്പ്രേ ചെയ്ത ശേഷം ബ്രഷ് ചെയ്ത് ക്ലീൻ ആക്കുക. ഫംഗസ്, ബാക്ടീരിയ ഉൾപ്പെടെയുള്ള എല്ലാ സൂക്ഷ്മ ജീവികളെയും ഇതു നശിപ്പിക്കും. അതിനുശേഷം ഈർപ്പം പൂർണമായും തുടച്ചു നീക്കണം. സ്പ്രേ, ലിക്വിഡ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ക്ലസ്റ്റർ, ലൈറ്റ്, സ്റ്റീരിയോ, മീറ്റർ പാനൽ, കൺട്രോൾ യൂണിറ്റ് എന്നിവയിലേക്കു വീഴാതെ സൂക്ഷിക്കണം.
- അലർജിയുടെ പ്രധാന കാരണം പൊടിയാണ്. മാറ്റ്, സീറ്റ്, എസി എന്നിങ്ങനെ എല്ലായിടത്തും പൊടി പറ്റിപ്പിടിക്കും. എസി ഓണാക്കുമ്പോൾ ഈ പൊടി കാറിനുള്ളിത്തന്നെ സർക്കുലേറ്റ് ചെയ്യപ്പെടും. എസിയുടെ പ്രവർത്തനത്തെയും ഇതു ബാധിക്കും. അലർജി, തുമ്മൽ തുടങ്ങിയ അസുഖമുള്ളവർ കാറിന്റെ ഇന്റീരിയർ വർഷത്തിലൊരിക്കലെങ്കിലും ക്ലീൻ ചെയ്യണം. ഇന്റീരിയറിനകത്തെ ചീത്തമണം മാറാൻ പെർഫ്യൂംസ്, ജെല്ലുകൾ തുടങ്ങിയവ ഉപയോഗിക്കാറുണ്ടല്ലോ. അലർജിയുള്ളവർ ഫ്ലേവറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. പെർഫ്യൂമുകൾക്കു പകരം സിലിക്ക ജെൽ ഉപയോഗിക്കുന്നതാണ് നല്ലത്.
- ഇന്റീരിയറിൽ ഫംഗസ് ബാധ കൂടുതലും കാണുന്നത് എസിയിലാണ്. അതൊഴിവാക്കാൻ എസി ക്ലീൻ ചെയ്താൽ മതി. പ്രത്യേക ക്ലീനിങ് മിശ്രിതം ഫോം രൂപത്തിൽ സ്പ്രേ ചെയ്താണ് എസി ക്ലീൻ ചെയ്യുന്നത്. എസിയുടെ തണുപ്പ് കുറയുക, ഫോഗ് കൂടുതലായി അനുഭവപ്പെടുക, അകാരണമായ അലർജി എന്നിവ ഉണ്ടെങ്കിൽ എസി അഴിച്ചെടുത്തു ക്ലീൻ ചെയ്യേണ്ടിവരും.
- ഇന്റീരിയറിലെ ഈർപ്പം മാറാൻ ചാർക്കോൾ (കൽക്കരി) തുണിയിൽ കെട്ടിവയ്ക്കുന്നതും ഗുണം ചെയ്യും. ഇത് ഈർപ്പം പൂർണമായും വലിച്ചെടുക്കും. കാർ പോർച്ചിൽ പാർക്ക് ചെയ്യുമ്പോൾ വിൻഡോ ഗ്ലാസ് കൈ കയറാത്ത രീതിയിൽ ചെറുതായി താഴ്ത്തി വയ്ക്കുക. രാവിലെ ആകുമ്പോഴേക്കും കാറിനകത്തെ നനവും ചീത്തമണവും മാറിക്കിട്ടും.
- ലെതർ സീറ്റുകളിൽ മഴക്കാലത്തു ഫംഗസ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സീറ്റിൽ നനവു തട്ടാതെ സൂക്ഷിക്കണം. നനവ് മാറ്റാൻ കാറിലെ സോക്കറ്റിൽ പ്രവർത്തിപ്പിക്കാവുന്ന ചെറിയ ഹീറ്ററുകൾ വിപണിയിൽ ലഭ്യമാണ്. ലെതർ അപ്ഹോൾസ്റ്ററി ക്ലീൻ ചെയ്യാൻ പ്രത്യേക മിശ്രിതവും വിപണിയിൽ ലഭ്യമാണ്.
- വെയിലുള്ളപ്പോൾ കാറിന്റെ ഡോർ തുറന്നിട്ട് അൽപം വെയിൽ കൊള്ളിക്കുന്നത് നല്ലതാണ്.