വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്‌ക്കാം

സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പല തിരക്കുകള്‍ക്കിടയിലും ജോലിത്തിരക്ക് ഏറുമ്പോഴും മാനസിക സമ്മര്‍ദ്ദം കൂടുമ്പോഴുമെല്ലാം നാമെല്ലാവരും വീട്ടിലേക്കെത്താനാണ് ആഗ്രഹിക്കാറുള്ളത്. മനസിന് ആശ്വാസം ലഭിക്കാനും പോസിറ്റീവ് എനര്‍ജി ലഭിക്കാനുമാണ് നാം വീട്ടിലേക്കെത്തുന്നത്. എന്നാല്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിക്കുകയാണെങ്കിലോ? നല്ല രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനര്‍ജി നിറയ്‌ക്കാം.

  • നെഗറ്റീവ് എനര്‍ജിയെ പുറത്താക്കാന്‍ ആദ്യം ചെയ്യേണ്ടത് വീട്ടിനുള്ളില്‍ ശുദ്ധവായു കേറുക എന്നതാണ്. അതിനായി വീട്ടിലെ ജനലുകള്‍ തുറന്നിടണം. തലയണകളും കിടക്കവിരിയുമെല്ലാം നേരത്ത് കുടഞ്ഞ് വിരിക്കണം. വീട് മുഴുവന്‍ ശുദ്ധവായു നിറയുന്നതിലൂടെ വീടിനൊപ്പം നിങ്ങള്‍ക്കും പുത്തനുണര്‍വ്വ് നല്‍കും.
  • സുഗന്ധം നിറഞ്ഞ വീട് നമുക്ക് ഉന്മേഷവും ഉണര്‍വും നല്‍കും. വീടിനകത്ത് സുഗന്ധം നിറച്ചും നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള ചന്ദനത്തിരികള്‍ വീടിനുള്ളില്‍ കത്തിച്ചു വെയ്‌ക്കണം.
  • പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക്, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍, കാല്‍ ഒടിഞ്ഞ കസേര തുടങ്ങിയ കേടായ സാധനങ്ങള്‍ വീടിന്റെ അകത്തു നിന്നും മാറ്റണം. ഇവ വീടിനും നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും.
  • വീട് എപ്പോഴും അടുക്കും ചിട്ടയോട് കൂടിയും ഭംഗിയായും വേണം സൂക്ഷിക്കേണ്ടത്. തുണികളും പുസ്തകങ്ങളും മറ്റ് വസ്തുക്കളും വലിച്ചു വാരി ഇടരുത്.
  • എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർഭാഗ്യത്തിന് കാരണമാവും.
  • നിങ്ങളുടെ കിടപ്പ് മുറിയിലോ വീടിനുള്ളില്‍ എവിടെയെങ്കിലുമോ ഒരു മണി കെട്ടി തൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജിയെ തുരത്താനുള്ള കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. വീടും വീടിനുള്ളിലെ വസ്തുക്കളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പൊടിയും അഴക്കും നിറഞ്ഞാല്‍ അത് നെഗറ്റീവ് എനര്‍ജി മാത്രമേ ഉണ്ടാക്കൂ.
  • ഇരുണ്ടതും കണ്ണില്‍ കുത്തുന്നതുമായ നിറങ്ങള്‍ ഒഴിവാക്കി ഇളം നിറങ്ങള്‍ ചുമരുകളില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇളം നിറങ്ങള്‍ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്‌ക്കാന്‍ സഹായിക്കും.
  • മേശപ്പുറത്ത് സാധനങ്ങൾ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാൽ എപ്പോഴും അടുക്കിവയ്‌ക്കാൻ ശ്രമിക്കുക.
  • വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്‌ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്‌ക്കുന്ന വഴികളാണ്.