ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും

52 ദിവസം നീണ്ട ട്രോളിങ് നിരോധനം ജൂലൈ 31ന് അർധരാത്രി അവസാനിക്കും. നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ ഇറക്കാനുള്ള അവസാനവട്ട മിനുക്കുപണിയിലാണ് മത്സ്യത്തൊഴിലാളികൾ. ജൂൺ 10നാണ്‌ ട്രോളിങ്‌ നിരോധനം തുടങ്ങിയത്‌.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്നതിന്റെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ.
കാലവർഷം കനത്തതിനാൽ കടലിൽ മത്സ്യസമ്പത്ത് വർധിച്ച് യഥേഷ്ടം മീൻ ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് കടലിലിറങ്ങാൻ തയ്യാറെടുക്കുന്നത്.

3754 ട്രോളിങ്‌ ബോട്ടുകളാണ്‌ കേരളത്തിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളത്‌. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പണിക്കാരും ഹാർബറുകളിലെത്തിത്തുടങ്ങി. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സംസ്ഥാനസർക്കാർ സൗജന്യ റേഷൻ അനുവദിച്ചിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂണിലെ ആഴക്കടൽ മത്സ്യബന്ധനം തടഞ്ഞ് മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്.