ലുലു ഗ്രൂപ്പ് കൊച്ചി സ്‌മാർട്ട് സിറ്റിയിൽ നിർമിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. 12.74 ഏക്കറിൽ 33 ലക്ഷം ചതുരശ്ര അടിയിൽ 30 നിലകളിലായി ഒരുങ്ങുന്ന ഇരട്ട ടവറിൻ്റെ നിർമാണ പ്രവർത്തനങ്ങൾ 97 ശതമാനം പൂർത്തിയാതായി ലുലു ഐ.ടി ഇൻഫ്രബിൽഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു.
ഫയർ എൻ.ഒ.സിക്ക് ഇതിനകം തന്നെ അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടിയാലുടൻ ഏകജാലക സംവിധാനം വഴി ഒക്യുപെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. ജൂൺ അവസാനത്തോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷമേ കമ്പനികൾക്ക് ലീസ് എഗ്രിമെൻ്റ് രജിസ്റ്റർ ചെയ്‌ത് നൽകാനാകൂ. ഒക്ടോബർ- നവംബറോടെ ഇരട്ട ടവറുകൾ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
153 മീറ്ററാണ് ടവറിൻ്റെ ഉയരം. മുപ്പതിനായിരം ഐ.ടി പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന സ്പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 1,400 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
ഇരട്ട ടവറിന്‍റെ ഗ്രാൻഡ് എൻട്രി ലോഞ്ച് മുതൽ എല്ലായിടങ്ങളും വളരെ വിശാലമായാണ് ഒരുക്കുന്നത്. 2,000ത്തോളം സീറ്റുകളുള്ള ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള ക്രഷ് സൗകര്യം, ജിം, റീറ്റെയ്‌ൽ സ്പേസ്, കഫേ, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിൻ്റുകൾ, ഡേറ്റ സെൻറർ സൗകര്യം, മാലിന്യ സംസ്‌കരണ പ്ലാൻ്റ്, മഴവെള്ള സംഭരണി തുടങ്ങിയവയെല്ലാം ഇരട്ട ടവറുകളിലുണ്ടാകും.
3000ത്തിൽ പരം കാറുകൾക്കുള്ള റോബോട്ടിക് കാർപാർക്കിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. കാർ പാർക്കിംഗ് പരിമിതികൾ ഒഴിവാക്കാനായി നൂതന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പല നിലകളിലായി കാറുകൾ പാർക്ക് ചെയ്യുന്നതു പോലെ വിവിധ റാക്കുകളിലായി കാറുകൾ പാർക്ക് ചെയ്യാനാകും. മൊത്തം ടവറിൽ 4,400 ഓളം കാറുകൾ പാർക്ക് ചെയ്യാനാകും.
ഐ.ടി ഇൻഫ്സ്ട്രക്‌ചർ രംഗത്ത് മറ്റ് പല പ്രോജക്ടുകളും ലുലു ഗ്രൂപ്പ് നിലവിൽ നടത്തുന്നുണ്ട്. കൊച്ചി ഇൻഫോ പാർക്കിലെ ലുലു സൈബർ ടവർ വൺ, സൈബർ ടവർ 2 എന്നിവ പൂർണ ശേഷിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സൈബർ പാർക്ക് ടവർ 2ൽ മിച്ചമുണ്ടായിരുന്ന സ്ഥലം അടുത്തിടെ ഐ.ടി രംഗത്തെ മുൻനിര കമ്പനിയായ ഐ.ബി.എം എടുത്തിരുന്നു. ഹൈടെക് ലാബ് സജ്ജമാക്കാനായി നാല് ഫ്ളോറുകളിലായി 3.4 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ബി.എം ഏറ്റെടുത്തത്.
ലുലു സൈബർ പാർക്കിൻ്റെ ഇരു ടവറുകളിലുമായി നിലവിൽ 15,000ത്തോളം പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമെയാണ് ഇപ്പോൾ സ്‌മാർട്ട് സിറ്റിയിൽ 30,000 പേർക്കുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.