പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാൻ വായ്‌പ തേടുന്നവർക്ക് ഇനി സറണ്ടർ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇൻഷുറൻസ് പോളിസി ഈടുവച്ചും വായ്പ എടുക്കാം. എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികൾക്കും വായ്പാ സൗകര്യം ലഭ്യമാക്കണമെന്ന് കമ്പനികളോട് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഒപ്പം സമ്പാദ്യവും ഉറപ്പുനൽകുന്ന പോളിസികൾക്ക് (മണിബാക്ക്, എൻഡോവ്മെന്റ്) മാത്രമാണ് പോളിസി ലോൺ സൗകര്യമുള്ളത്. യുലിപ് (യൂണിറ്റ്- ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ), ടേം ഇൻഷുറൻസ് എന്നിവ ഈടായി അംഗീകരിച്ചിരുന്നില്ല. ഇനി മുതൽ സറണ്ടർ വാല്യു ഗ്യാരന്റിയുള്ള യുലിപ് പോളിസികൾക്കും വായ്‌പാ സൗകര്യമുണ്ടാകും.
എങ്ങനെ നേടാം പോളിസി വായ്പ?
സറണ്ടർ വാല്യു ഗ്യാരൻ്റിയുള്ള ഇൻഷുറൻസ് പോളിസികളാണ് ഈടുവയ്ക്കാനാവുക. മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ ഇൻഷുറൻസ് പോളിസി വേണ്ടെന്നുവച്ചാൽ കമ്പനി തിരികെ നൽകേണ്ട തുകയാണ് സറണ്ടർ വാല്യു പോളിസി വായ്‌പയ്ക്ക് അപേക്ഷിക്കുമ്പോൾ സറണ്ടർ വാല്യുവിന്റെ 85-90 ശതമാനം തുകയാണ് വായ്‌പയായി ലഭിക്കുക.
വായ്‌പയ്ക്ക് അപേക്ഷിക്കുംമുമ്പ് പോളിസിക്ക് സറണ്ടർ വാല്യു ഉണ്ടെന്ന് ഉറപ്പാക്കണം. എൽഐസി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പോളിസി വായ്‌പകൾ അനുവദിക്കുന്നുണ്ട്.
പലിശഭാരം കുറവ്
പോളിസി ക്ലെയിം ചെയ്യുമ്പോൾ വായ്‌പാത്തുക അതിൽ നിന്ന് അടയ്ക്കാമെന്ന നേട്ടം ഇത്തരം വായ്‌പകൾക്കുണ്ട്. ഫലത്തിൽ, വായ്‌പ എടുത്തയാൾക്ക് തിരിച്ചടവ് ബാധ്യത കുറവായിരിക്കും. ശരാശരി 10 ശതമാനം പലിശനിരക്കാണ് പോളിസി വായ്‌പകൾക്കുള്ളത്.