ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, കലാ സാംസ്കാരിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ മതിയായ രേഖകളില്ലാതെ കൈവശംവെച്ചിട്ടുള്ള ഭൂമി പതിച്ചുനൽകുന്നതിനുള്ള നിബന്ധനകളിൽ വീണ്ടും മാറ്റം. കൈവശഭൂമി നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെങ്കിൽ കമ്പോളവില ഈടാക്കി അത് പതിച്ചുനൽകും.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ അത് ഒഴിവാക്കി പതിച്ചുനൽകാനായിരുന്നു നേരത്തേയുള്ള തീരുമാനം. 2020-ലാണ് ആരാധനാലയങ്ങളും മറ്റും രേഖകളില്ലാതെ കൈവശംവെച്ചിട്ടുള്ള ഭൂമി പതിച്ചുനൽകുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതിനായി കൊണ്ടുവന്ന വ്യവസ്ഥകൾ പലതും പ്രായോഗികമല്ലെന്ന് പരാതിയുയർന്നതോടെ കഴിഞ്ഞവർഷവും ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി പതിച്ചുകിട്ടുന്നതുസംബന്ധിച്ച് പല കോണുകളിൽ നിന്നും ആവശ്യമുയർന്ന സാഹചര്യത്തിൽ വ്യവസ്ഥകൾ വീണ്ടും പരിഷ്കരിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
പതിച്ചുനൽകുന്നതിന് ഈടാക്കുന്ന ഫീസിലും മാറ്റംവരുത്തി. സെറ്റിൽമെന്റ് രജിസ്റ്ററിൽ പേരുള്ള ഭൂമി പതിച്ചുകിട്ടുന്നതിന് ന്യായവിലയുടെ അഞ്ചുശതമാനം തുക നൽകണം. സ്വാതന്ത്ര്യത്തിനുമുൻപ് കൈവശം വെച്ചിട്ടുള്ളതിന് ന്യായവിലയുടെ 10 ശതമാനവും സ്വതന്ത്ര്യത്തിനുശേഷവും 1971 ഓഗസ്റ്റ് ഒന്നിനുമുൻപും കൈവശം വെച്ചിട്ടുള്ളതിന് 15 ശതമാനവുമാണ് ഈടാക്കുക.
1971 ഓഗസ്റ്റ് ഒന്നിനുശേഷവും 1990 ജനുവരി ഒന്നിനുമുൻപും കൈവശം വെച്ചിട്ടുള്ളതിന് ന്യായവിലയുടെ 50 ശതമാനമാണ് നൽകേണ്ടത്. 1990 ജനുവരി ഒന്നിനുശേഷവും 2000 ജനുവരി ഒന്നിനുമുൻപും കൈവശംവെച്ചിട്ടുള്ളത് പതിച്ചുകിട്ടുന്നതിന് ന്യായവില പൂർണമായും നൽകണം. 2000 ജനുവരി ഒന്നിനുശേഷവും 2008 ഓഗസ്റ്റ് 25-നുമുൻപും കൈവശമുള്ളതിനും കമ്പോളവിലയാണ് ഈടാക്കുക.
