കെഎസ്‌ആർടിസിയുടെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 മുതൽ

കെഎസ്ആർടിസി സ്വിഫ്‌റ്റിന്റെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 ന്‌ സർവീസ്‌ ആരംഭിക്കും. തിരുവനന്തപുരം – കാസർകോട്‌ റൂട്ടിലാണ്‌ സർവീസ്‌ നടത്തുക. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ്‌ ചെയ്യും.

27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുമാണുള്ളത് ഒരുബസിലുള്ളത്‌. എല്ലാ സീറ്റുകളിലും ബെർത്തുകളിലും ചാർജിങ്‌ സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുണ്ട്.

നിലവിലെ മിന്നൽ ബസുകളുടെ വേഗതയിൽ ഓടിക്കാനും അതേ സ്‌റ്റോപ്പുകളുമാണ്‌ പരിഗണനയിലുള്ളത്‌. 10–10.30 മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്‌ എത്തും.

നോൺ എസിക്ക്‌ ടിക്കറ്റ്‌ നിരക്ക്‌ ഡീലക്സ്‌ ബസിന്റെയും ബെർത്ത്‌ നിരക്ക്‌ കെഎസ്‌ആർടിസി ഗജരാജ ബസ്‌ നിരക്കിനും തുല്യമാകും.

തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസിലേക്ക്‌ അറുപത്‌ ഇലക്‌ട്രിക്‌ ബസുകൾകൂടി പ്രഖ്യാപിക്കുന്ന ചടങ്ങും ഉദ്‌ഘാടന ദിവസം നടക്കും. സിറ്റി സർക്കുലർ സ്വിഫ്‌റ്റിന്‌ കീഴിലാണ്‌. ഇതോടെ സ്വിഫ്‌റ്റ്‌ ബസുകളുടെ എണ്ണം 359 ആയി ഉയരും. നിലവിൽ സ്വിഫ്‌റ്റ്‌ ബസുകളുടെ എണ്ണം: എ സി സ്ലീപ്പർ–8, എസി സീറ്റർ– 20, നോൺ എസി ഡീലക്‌സ്‌-88, സൂപ്പർ ഫാസ്‌റ്റ്‌–131, ഇലക്‌ട്രിക്‌–50. സ്വിഫ്റ്റ്‌ ജീവനക്കാരിന്റെ സഹായത്തോടെയാണ്‌ ഹൈബ്രിഡ്‌ ബസ്‌ വാങ്ങിയത്‌. ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും.