കോട്ടയം: ചൂട് എങ്ങും ചൂടേറിയ ചർച്ചകൾക്കു വഴി തെളിക്കുമ്പോൾ ഓർക്കാനും മറ്റുള്ളവരെ ഓർമിപ്പിക്കാനും അതിപ്രധാന വിവരങ്ങൾ. ചൂട് മനുഷ്യശരീരത്തെ നേരിട്ടും സമൂഹത്തെ പൊതുവായും ബാധിക്കുന്ന പ്രധാന വിഷയമാണ്. പക്ഷേ വ്യക്‌തിക്കു നേരിടുന്ന സൂര്യാതപം പോലുള്ള പ്രശ്‌നങ്ങൾ മാത്രമാണു പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ബ്രഹ്‌മപുരം തീപിടിത്തത്തിനു ശേഷം 14,000 പേരാണ് എറണാകുളത്തു ചികിത്സ തേടിയത്.
നേരിട്ടു ബാധിക്കുന്നവ
ശരീരത്തിൽ ജലത്തിൻ്റെ അംശം കുറയുന്നത് അപകടകരം.
ശരീര ഊഷ്‌മാവ് 40 ഡിഗ്രി സെൽഷ്യസിലും മുകളിലായാൽ (ഹൈപ്പർതെർമിയ) ശരീരം മുഴുവൻ പൊള്ളും, മരണത്തിലേക്കും നയിക്കാം.
ജലാംശം ഇല്ലാതായി ഇലസ്ട്രൊലൈറ്റുകൾ (സോഡിയം, പൊട്ടാസ്യം പോലുള്ളവ) നഷ്‌ടമായാൽ ശരീരത്തിന്റെ സന്തുലിതാവസ്‌ഥ തെറ്റും.
ദാഹം വരുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന രീതി ചൂടുകാലത്തു നല്ലതല്ല. ജലനഷ്ട്‌ടം ശരീരം തിരിച്ചറിഞ്ഞ് തലച്ചോറിലേക്കു സന്ദേശം പോകുമ്പോഴാണു ദാഹം എന്ന തോന്നലുണ്ടാകുന്നത്. എന്നാൽ വെയിലത്തു നിന്നു ജോലി ചെയ്യുന്നവർ ഈ തോന്നൽ ഉണ്ടാകും മുൻപു കുഴഞ്ഞുവീഴാം.
വെള്ളം നല്ലവണ്ണം കുടിച്ചാൽ സൂര്യാഘാതം പോലും ഒരുപരിധി വരെ തടയാം.
ചൂടുകാലത്തു ജലദൗർലഭ്യം ഉണ്ടാകുകയും ഉള്ള വെള്ളം മലിനമാകുകയും ചെയ്യും. കുടിക്കുന്നതു ശുദ്ധജലമാണെന്ന് ഉറപ്പു വരുത്തിയില്ലെങ്കിൽ ജലജന്യരോഗങ്ങളും ഉണ്ടാകാം.
ചൂടുകാലത്തുള്ള മദ്യപാനം വളരെ ശ്രദ്ധിക്കണം. മദ്യത്തിനു ജലാംശം പുറത്തുകളയാൻ ശേഷിയുണ്ട് (ഡൈയൂററ്റിക്). കരൾ, വൃക്ക ഇവ അധികമായി പ്രവർത്തിച്ചു ജലാംശം നഷ്ടമാകും. അബോധാവസ്‌ഥയിൽ വെയിലത്തു വീണു കിടന്നാൽ സ്‌ഥിതി ഗുരുതരമാകും.
കടുത്ത പ്രമേഹരോഗികളും ചൂടുകാലത്ത് ഏറെ ശ്രദ്ധിക്കണം.
പാലിയേറ്റീവ് കെയർ പരിചരണത്തിലിരിക്കുന്ന രോഗികളും ശ്രദ്ധിക്കണം. വിയർത്തു ജലാംശം നഷ്ടമാകുന്നതു ശ്രദ്ധിക്കാതിരുന്നാൽ വീടിനുള്ളിലാണെങ്കിലും സൂര്യാതപം ഉണ്ടാകാം.
സാമൂഹിക പ്രശ്നങ്ങൾ
ജലലഭ്യത കുറയുന്നതോടെ ഉള്ള ജലം മലിനമാകാനും മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാനും സാധ്യത.
വേനൽമഴ ഉണ്ടായാൽ കൊതുകു പെരുകും. അതുവഴിയുള്ള രോഗങ്ങളും ഉണ്ടാകാം.
ചൂടും ഈർപ്പവും കൂടുന്ന കാലാവസ്‌ഥയാണ് പ്രാണികൾക്കും വൈറസുകൾക്കും ഇഷ്‌ടസമയം. കുരങ്ങുപനി, മലമ്പനി ഇവ പടരാം. വവ്വാലുകൾ വൈറസുകൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന സമയവും അതാണ്.
ചവറുകൂനകൾക്കു തീ പിടിക്കുന്ന കാലമാണ്. പ്ലാസ്റ്റിക്കുകൾ കത്തി മാരകമായ ഡയോക്‌സിനുകൾ ഉണ്ടാകും. അതു ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യൻ്റെ ഉള്ളിൽ പ്രവേശിക്കാം.
റബർ തോട്ടങ്ങൾക്ക് തീപിടിച്ച് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 10 പേരാണു മരിച്ചത്.
കാട്ടിലെ ചോലകൾ വറ്റുകയും പുൽമേടുകൾ കരിയുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇപ്പോൾ ആനകളും മറ്റു വന്യമൃഗങ്ങളും കൂടുതലായി നാട്ടിലേക്ക് ഇറങ്ങുന്നത്.
ശ്രദ്ധിക്കാം..
ശുദ്ധജലം ഇടയ്ക്കിടെ കുടിക്കുക.
കരിക്കിൻവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ ഇലസ്ട്രൊലൈറ്റ്സ് നഷ്‌ടം നികത്താൻ നല്ലതാണ്.
പഴവർഗങ്ങൾ കഴിക്കുന്നതും വളരെ നല്ലത്.